ജയ്പൂര്‍: ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ക്ഷീര കര്‍ഷകന് പെഹ്‌ലു ഖാന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ ആക്ടിവിസ്റ്റുകളെ വിലക്കി ഹിന്ദു സംഘടനകള്‍. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

കര്‍വാന്‍ ഇ മുഹബത്ത് എന്ന ഗ്രൂപ്പിലെ അംഗങ്ങളെയാണ് ഹിന്ദുസംഘടനകള്‍ വിലക്കിയത്. കര്‍വാന്‍ ഇ മുഹബത്ത് ഗ്രൂപ്പില്‍പ്പെട്ട ഒരു ബസ് ആളുകള്‍ വടക്കന്‍ രാജസ്ഥാനിലെ തെരുവിലൂടെ കടന്നുപോകുകയായിരുന്നു. ഈ സമയത്ത് ഹിന്ദു സംഘടനകളുമായി ബന്ധമുളള ചിലര്‍ ഭാരത് മാതാ കീ
ജയ്, വന്ദേമാതരം തുടങ്ങി മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടു രംഗത്തുവന്നു.

പെഹ്‌ലു ഖാന് ആദരവ് അര്‍പ്പിക്കാന്‍ ആക്ടിവിസ്റ്റുകളെ അനുവദിക്കില്ലെന്ന നിലപാടെടുക്കുകയായിരുന്നു ഹിന്ദു സംഘടനകള്‍. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ഒരുക്കിയിരിക്കുകയാണ്.

പെഹ്‌ലു ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ടു പുറത്തുവന്നതിനു പിന്നാലെയാണ് പ്രതിഷേധവുമായി കര്‍വാന്‍ ഇ മുഹബത്ത് ആക്ടിവിസ്റ്റുകള്‍ രംഗത്തുവന്നത്.


Also Read:ടുണീഷ്യന്‍ മുസ്‌ലിം യുവതികള്‍ക്ക് ഇനി ഏതുമതസ്ഥരേയും വിവാഹം ചെയ്യാം: അമുസ്‌ലീങ്ങളെ വിവാഹം ചെയ്യുന്നതിനുള്ള നിരോധനം നീക്കി


‘ഖാനും അദ്ദേഹത്തെപ്പോലെ പശുവിന്റെ പേരിലുള്ള വിദ്വേഷ പ്രചരണങ്ങളെ തുടര്‍ന്ന് കൊല്ലപ്പെട്ട മറ്റനേകം ആളുകള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാനായാണ് ഞങ്ങള്‍ ഇവിടെ എത്തിയത്.’ ആക്ടിവിസ്റ്റുകളിലൊരാളായ ഹര്‍ഷ് മന്ദര്‍ പറയുന്നു.

ഇവര്‍ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ടിന്റെ ഓഫീസിലെത്തിയതിനു പിന്നാലെ ഒരു വലിയ ആള്‍ക്കൂട്ടം ഇവര്‍ക്കെതിരെ മുദ്രാവാക്യം വിളികളുമായി രംഗത്തുവരികയായിരുന്നു.

‘പെഹ്‌ലു ഖാന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ആദരാഞ്ജലി അര്‍പ്പിക്കാന്‍ കൊല്ലപ്പെട്ടത് സുഭാഷ് ചന്ദ്രബോസോ അതിര്‍ത്തിയില്‍ പൊരുതിമരിച്ച ആളോ അല്ലല്ലോ?’ എന്നു ചോദിച്ചുകൊണ്ടാണ് ഹിന്ദു സംഘടനകള്‍ രംഗത്തുവന്നത്.

ഇതോടെ പെഹ്‌ലു ഖാന്‍ കൊല്ലപ്പെട്ട ഇടത്ത് ഒത്തുകൂടാന്‍ ആക്ടിവിസ്റ്റുകളെ പൊലീസ് അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് അവര്‍ സ്റ്റേഷനുമുമ്പില്‍ ധര്‍ണ നടത്തി. ഇതേത്തുടര്‍ന്നാണ് അവരെ ആദരാഞ്ജലി അവര്‍പ്പിക്കാന്‍ അനുവദിച്ചത്.

ഗോരക്ഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കേസില്‍ അന്വേഷണം അവസാനിപ്പിച്ച പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ പെഹ്‌ലു ഖാന്‍ കൊല്ലപ്പെട്ട സ്ഥലത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കുകയും ചെയ്തിരുന്നു.