Categories

ദമ്പതികളെ അക്രമിച്ച ഹിന്ദു ഐക്യവേദി നേതാവിനെതിരെ കേസ്

moovatupuzhaമൂവാറ്റുപുഴ: ബസ് സ്റ്റാന്റില്‍ ദമ്പതികളെ ആക്രമിച്ച കേസില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവിനെതിരെ കേസെടുത്തു. ഭാരതീയ വിചാര കേന്ദ്രം സംഘാടന സെക്രട്ടറി കാ.ഭാ സുരേന്ദ്രനെതിരെയാണ് കേസ്.

കഴിഞ്ഞ മെയ് 23നാണ് സംഭവം. മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വെച്ച് കാക്കനാട് സ്വദേശികളായ ദമ്പതികള്‍ ആക്രമിക്കപ്പെട്ടു. കാക്കനാട് പുത്തന്‍ വീട്ടില്‍ വഹാബും ഭാര്യയുമാണ് അക്രമത്തിന് ഇരയായത്.

Ads By Google

ഇവര്‍ എറണാകുളത്തേക്ക് ബസ്സില്‍ കയറവേ സുരേന്ദ്രന്‍ വഹാഹിന്റെ ഭാര്യയെ തട്ടിയതോടെയാണ് സംഭവത്തിന്റെ തുടക്കം. മോശം പെരുമാറ്റത്തിന്റെ പേരില്‍ വഹാബ് സുരേന്ദ്രനെ ചോദ്യം ചെയ്യുകയും ചെറിയ വാഗ്വാദം ഉണ്ടാവുകയും ചെയ്തു. പിന്നീട് സഹയാത്രികര്‍ ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍ക്കുകയായിരുന്നു.

എന്നാല്‍ ബസ് മൂവാറ്റുപുഴ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ അഞ്ചംഗ സംഘം എത്തി വഹാബിനെയും ഭാര്യ റജീനയേയും മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ വഹാബ് ബോധരഹിതനാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്്തിരുന്നു. കോട്ടയം സ്വദേശി ശബരീഷ്, മൂവാറ്റുപുഴ സ്വദേശികളായ ദീപു ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇതിനിടെ ബസ്സില്‍ ദമ്പതികളുമായി വാഗ്വാദമുണ്ടായത് സംഘപരിവാര്‍ നേതാവാണെന്ന് തിരിച്ചറിഞ്ഞ് കാ.ഭാ സുരേന്ദ്രനെതിരെ കേസെടുക്കുകയായിരുന്നു.

അതേസമയം, സുരേന്ദ്രനെതിരെ കേസെടുത്തതിനെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തി. ഉന്നത ഇടപെടലുകളെ തുടര്‍ന്നാണ് സുരേന്ദ്രനെ പ്രതിചേര്‍ത്തതെന്നാണ് ഹിന്ദു ഐക്യ വേദി ആരോപിക്കുന്നത്.

Tagged with: