അഹമ്മദാബാദ്: ഇന്ത്യക്ക് ദേശീയ ഭാഷയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഹിന്ദിയെ ദേശീയ ഭാഷയായി കരുതുന്നവരുണ്ട്. എന്നാല്‍ നിയമപ്രകാരം ഹിന്ദി ദേശീയ ഭാഷയാണെന്ന് അവകാശപ്പെടാനാവില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നത് ഹിന്ദിയാണെങ്കില്‍ എഴുതുന്നത് ദേവനാഗരി ലിപിയിലാണെന്നും കോടതി വ്യക്തമാക്കി. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് ജി മുഖോപാദ്യായ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.

പാക്ക് ചെയ്ത വസ്തുക്കളില്‍ വിലയും മറ്റ് വിവരങ്ങളും ഹിന്ദിയില്‍ എഴുതണമെന്നത് നിര്‍ബ്ബന്ധമാണെന്ന് കാണിച്ച് നല്‍കിയ ഹരജിയിന്മേലാണ് കോടതി വിധി. 2009ല്‍ സുരേഷ് കഛാദിയ എന്നയാളാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഹിന്ദി ദേശീയ ഭാഷയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഹിന്ദി ദേശീയ ഭാഷയാണെന്ന് കാണിച്ച് ഇതുവരെ സര്‍ക്കാര്‍ ഒരു അറിയിപ്പും പുറത്തിറക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹിന്ദി രാജ്യത്തെ ഔദ്യോഗിക ഭാഷ മാത്രമണ്. ഭരണഘടനയും ഹിന്ദിക്ക് ഔദ്യോഗിക ഭാഷയെന്ന സ്ഥാനം മാത്രമേ നല്‍കിയിട്ടുള്ളുവെന്നും കോടതി ഓര്‍മ്മിപ്പിച്ചു.