ബീജിംഗ്: രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ചര്‍ച്ചയുടെ ഭാഗമായി പാക് വിദേശകാര്യ സെക്രട്ടറി ഹിന റബ്ബാനി ചൈനയിലെത്തി. രാജ്യങ്ങള്‍ക്കിടയിലെ പരസ്പര സഹകരണവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാ ഴാ വോക്‌സു പറഞ്ഞു. ചൈനീസ് പ്രസിഡന്റ് വെന്‍ ജിയോബോവോയുമായും റബ്ബാനി കൂടിക്കാഴ്ച നടത്തി. ക്‌സിജിയാങ് പ്രവിശ്യയിലെ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായ തീവ്രവാദികളാണെന്ന ചൈനയുടെ ആരോപണത്തിനു തൊട്ടുപിന്നാലെയാണ് ഹിന റബ്ബാനി ചൈനയിലെത്തിയത്. എന്നാല്‍ ഈ ആരോപണത്തെ പാക്കിസ്ഥാന്‍ നിഷേധിച്ചിരുന്നു.

ഇന്ത്യന്‍ മാധ്യമങ്ങളില്‍നിന്നും വ്യത്യസ്തമായ സമീപനമാണ് ചൈനീസ് മാധ്യമങ്ങളില്‍നിന്നുണ്ടായത്. സാധാരണ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്ന പരിഗണന മാത്രമാണ് ചൈനീസ് മാധ്യമങ്ങള്‍ ഇവര്‍ക്കും നല്‍കിയത്. ഫാഷന്‍ മാഗസിനുകളായ ഷിഷാങ്ങ് കോസ്‌മോ പൊളിറ്റനിലോ വിഷനിലോ മന്ത്രിയെക്കുറിച്ച് വാര്‍ത്ത വന്നില്ലെന്നതാണ് അതിശയം.

ഇന്ത്യയില്‍ നയതന്ത്ര ചര്‍ച്ചയ്‌ക്കെത്തിയ ഹിന റബ്ബാനിയുടെ ഫാഷനെക്കുറിച്ചും ഗ്ലാമറിനെക്കുറിച്ചുമായിരുന്നു മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ഇന്ത്യയില്‍നിന്നു മടങ്ങിയ റബ്ബാനി, പാക്ക് മാധ്യമങ്ങളോട് പറയാന്‍ ഒരു ഉപദേശവും കരുതിയിരുന്നു. ലോകത്തെവിടെയും പാപ്പരാസികളാണ്. ഒരിക്കലും ഇന്ത്യന്‍ മാധ്യമങ്ങളെ അനുകരിക്കാന്‍ ശ്രമിക്കരുതെന്ന് അവര്‍ പാക്ക് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു.