ഇസ്‌ലാമാബാദ്: പാക്ക് വിദേശകാര്യ മന്ത്രിയായി ഹിന റബ്ബാനി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. പാക് വിദേശകാര്യ മന്ത്രിയാകുന്ന ആദ്യ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ഇവര്‍.  35 ാം വയസ്സില്‍ വിദേശകാര്യ മന്ത്രിയായ മുന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ റെക്കോഡാണ് ഹിന തിരുത്തിയത്.

നേരത്തെ വിദേശകാര്യ സഹമന്ത്രിയായിരുന്നു മുപ്പത്തിനാലുകാരിയായ റബ്ബാനി.

പ്രസിഡന്റിന്റെ വസതിയില്‍വെച്ചുനടന്ന ചടങ്ങില്‍ ക്യാബിനറ്റ് അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഇന്തോനേഷ്യയിലെ ബാലിയില്‍ ജൂലൈ 22, 23 തിയ്യതികളില്‍ നടക്കുന്ന ആസിയന്‍ റീജ്യണല്‍ ഫോറത്തില്‍ പാക് സംഘത്തെ നയിച്ചുകൊണ്ട് ഹിനാ റബ്ബാനി തന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമിടും. ശേഷം ഇന്ത്യാ-പാക് നയതന്ത്രത്തിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുമായി റബ്ബാനി മന്ത്രിതല ചര്‍ച്ച നടത്തുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.