ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിനാ റബ്ബാനിയും താനും വേര്‍പിരിയാന്‍ പോകുകയാണെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഹിനയുടെ ഭര്‍ത്താവ് ഫിറോസ് ഗുല്‍സാര്‍ വ്യക്തമാക്കി. അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ അപവാദപ്രചരണങ്ങള്‍ നടത്തുകയാണെന്നും ഗുല്‍സാര്‍ കുറ്റപ്പെടുത്തി.[inneradd]

പാക്കിസ്ഥാന്‍ പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരിയുടെ മകനും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സഹാധ്യക്ഷനുമായ ബിലാവല്‍ ഭൂട്ടോയും ഹിനാ റബ്ബാനിയും കടുത്ത പ്രണയത്തിലാണെന്നും ഇരുവരും തമ്മില്‍ വിവാഹിതരാകാന്‍ പോകുകയാണെന്നും ബംഗ്ലാദേശില്‍ നിന്നിറങ്ങുന്ന ഒരു മഞ്ഞപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധികം പ്രചാരമില്ലാത്ത ബ്ലീറ്റ്‌സ് എന്ന ടാബ്ലോയ്ഡില്‍ വന്ന വാര്‍ത്ത പിന്നീട് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴി പ്രചരിക്കുകയായിരുന്നു.

പറഞ്ഞുകേട്ട വാര്‍ത്തയില്‍ കഴമ്പില്ലെന്നും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഗുല്‍സാര്‍ പറഞ്ഞു.  തങ്ങള്‍ക്കിടയില്‍ വാര്‍ത്തയില്‍ സൂചിപ്പിച്ചതുപോലുള്ള പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഗുല്‍സാര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം വൃത്തികെട്ട വാര്‍ത്തകള്‍ പ്രതികരണമര്‍ഹിക്കുന്നില്ലെന്നായിരുന്നു ഹിനയുടെ മറുപടി.