എഡിറ്റര്‍
എഡിറ്റര്‍
ഹിമാചല്‍ തിരഞ്ഞെടുപ്പ് പ്രചരണം ഇന്നവസാനിക്കും
എഡിറ്റര്‍
Friday 2nd November 2012 10:27am

 

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ഇന്നവസാനിക്കും. ഞായറാഴ്ചയാണ് ഹിമാചല്‍ പ്രദേശില്‍ വേട്ടെടുപ്പ് നടക്കുക. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുക. എന്നാല്‍ പ്രചാരണം സമാപനഘട്ടത്തിലേക്ക് കടന്നപ്പോള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതീക്ഷ വര്‍ധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

കേന്ദ്രത്തില്‍ അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസിനെ ശ്വാസംമുട്ടിക്കുന്ന ഘട്ടത്തിലാണ് ഹിമാചലിലെ 68 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍, ബി.ജെ.പിയും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. അഴിമതി ആരോപണത്തില്‍ കുടുങ്ങിയ ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പ്രചാരണയാത്ര അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തിയ സന്ദര്‍ശനം വിചാരിച്ച ഫലം നല്‍കിയതുമില്ല.

Ads By Google

ബി.ജെ.പിക്കുള്ളിലെ ചില പ്രശ്‌നങ്ങള്‍മൂലം മുന്‍മുഖ്യമന്ത്രി ശാന്തകുമാര്‍ പ്രചരണരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്. മുഖ്യമന്ത്രി പി.കെ. ധുമാലിന്റെ സ്വാധീനമാണ്  ബി.ജെ.പിക്ക് ഹിമാചലിലുള്ള ഏക ആശ്വാസം. മുന്‍കാല അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവെക്കേണ്ടിവന്ന വീരഭദ്രസിങ്ങാണ് കോണ്‍ഗ്രസിന്റെ പ്രചരണത്തിന് നായകത്വം വഹിക്കുന്നത്.

മുന്‍മുഖ്യമന്ത്രി കൂടിയായ വീരഭദ്രസിങ്ങിനെതിരായ ആരോപണങ്ങള്‍ സംസ്ഥാനത്ത് വിലപ്പോവുന്നില്ലെന്നതാണ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയിരുന്നു.

വിലക്കയറ്റമാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. ബി.ജെ.പി കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാറിനെയാണ് പഴിചാരുന്നത്. ഹിമാലയ മേഖലയിലെ ഈ സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത് മഞ്ഞുകാല കാഠിന്യത്തിനിടയിലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇരുപക്ഷത്തും കാലതാമസവുമുണ്ടായി. പ്രചാരണം ഒരു ദിവസത്തേക്ക് കൂടി നീട്ടണമെന്ന ആവശ്യം ബി.ജെ.പി ഉന്നയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

ബി.ജെ.പി ഭരണത്തിന്‍കീഴില്‍ ഹിമാചലിന് വികസനമുണ്ടായില്ലെന്നതില്‍ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. തൊഴിലില്ലായ്മാ വേതനം മുതല്‍ ലാപ്‌ടോപ് വരെ യുവാക്കള്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പാചകവാതകത്തിനും ഡീസലിനും വില കൂട്ടിയത് മുതല്‍ റീട്ടെയില്‍ എഫ്.ഡി.ഐ വരെയുള്ള വിഷയങ്ങള്‍ പ്രചാരണരംഗത്ത് ബി.ജെ.പിയും ഉയര്‍ത്തി.

യു.പി.എ വിട്ടശേഷം ഇതാദ്യമായി തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസിനെതിരെ വോട്ടുതേടുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. സംസ്ഥാനത്ത് തൃണമൂലിന് ചില്ലറ സ്വാധീനങ്ങളുണ്ട്. അവര്‍ 18 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. സി.പി.ഐ.എമ്മിനുമുണ്ട് സ്വാധീനം. 16 മണ്ഡലങ്ങളില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. എന്‍.സി.പി 12 സീറ്റില്‍.

മത്സരരംഗത്തുള്ള 460 പേരുടെ വിധി തീരുമാനിച്ച് വോട്ടെടുപ്പ് ഞായറാഴ്ച കഴിഞ്ഞാലും ഹിമാചല്‍പ്രദേശിലെ സമ്മതിദായകര്‍ ഫലമറിയാന്‍ ഒന്നര മാസത്തിലേറെ കാത്തിരിക്കണം. ഗുജറാത്ത് തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞ് ഡിസംബര്‍ 20നാണ്  വോട്ടെണ്ണല്‍.

Advertisement