എഡിറ്റര്‍
എഡിറ്റര്‍
ഹിമാചലില്‍ വോട്ടെടുപ്പ് അവസാനിച്ചു; 70 ശതമാനം പോളിംഗ്
എഡിറ്റര്‍
Sunday 4th November 2012 5:15pm

ഷിംല: ഹിമാചല്‍പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. പ്രാഥമിക വിവരമനുസരിച്ച് 70 ശതമാനം വോട്ടിങ് നടന്നതായാണ് റിപ്പോര്‍ട്ട്. രാവിലെ മന്ദഗതിയിലായിരുന്ന വോട്ടിങ് ഉച്ചയോടു കൂടി ബൂത്തുകളിലേക്ക് കൂടുതല്‍ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തുകയായിരുന്നു. വോട്ടെടുപ്പ് സമാധാനപരമായിരുന്നു.

Ads By Google

68 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 45 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാനം വിനിയോഗിക്കേണ്ടിയിരുന്നത്. 7,252 പോളിംഗ് ബൂത്തുകളാണ് ഹിമാചലില്‍ വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ പ്രധാന മത്സരം നടക്കുന്ന ഇവിടെ ഇരു പാര്‍ട്ടികളും എല്ലാമണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ദൂമല്‍ ഹാമിര്‍പുരിയിലും, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വീരഭദ്ര സിംഗ് ഷിംല റൂറലിലുമണ് ജനവിധി തേടിയത്. ഡിസംബര്‍ 20നാണ് വോട്ടെണ്ണല്‍. ബി.എസ്.പി ഇവിടെ 66 സ്ഥാനാര്‍ത്ഥികളെയും സി.പി.ഐ.എം 15 സ്ഥാനാര്‍ത്ഥികളെയും നിര്‍ത്തിയിരുന്നു.

മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 27 പേരാണ് വനിതാ സ്ഥാനാര്‍ത്ഥികളായിരുന്നത്. നിലവില്‍ മുഖ്യമന്ത്രിയായ പ്രേംകുമാര്‍ ധൂമലിന്റെ നേതൃത്വത്തില്‍ ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാല്‍ കഴിഞ്ഞ നാല് മാസത്തിനിടെ നിരവധി അഴിമതി ആരോപണങ്ങളാണ് അഞ്ച് തവണ മുഖ്യമന്ത്രിയായിട്ടുള്ള കോണ്‍ഗ്രസ്സിന്റെ വീരഭദ്ര സിംഗിന് നേരിടേണ്ടി വന്നത്. ഇത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുമാത്രമല്ല 1977നു ശേഷം ഹിമാചല്‍ ഒരേ കക്ഷിയെ വീണ്ടും ഭരണത്തിലെത്തിച്ച ചരിത്രമില്ല.

പഞ്ചാബില്‍ ആവര്‍ത്തിച്ച വിജയം ഇവിടെയും തുടരാം എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ ഇരുകൂട്ടര്‍ക്കും തലവേദനയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് അഭിപ്രായ സര്‍വെ ഫലങ്ങള്‍. കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരെ അടിക്കടിയുണ്ടാകുന്ന അഴിമതിയാരോപണങ്ങള്‍ സി.പി.ഐ.എമ്മിനും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഹിമാചലിലെങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്. 7,253 ബൂത്തുകളില്‍ 1,310 എണ്ണം പ്രശ്‌നബാധിതമായും 767 ബൂത്തുകളെ അതീവ ജാഗ്രത പാലിക്കേണ്ട ബൂത്തുകളായും തരംതിരിച്ചിട്ടായിരുന്നു വോട്ടിങ്.

ഹാംരിപൂര്‍, ഉന, കുളു, ചംബ തുടങ്ങിയ ചെറിയ ജില്ലകളാണ് ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങള്‍. അതേസമയം തലസ്ഥാനമായ സിംലയിലും കാംഗ്ര ജില്ലകളിലും കോണ്‍ഗ്രസ് വ്യക്തമായ മേധാവിത്വം നേടുമെന്നാണ് കരുതപ്പെടുന്നത്.

Advertisement