ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ സഹായത്തോടെയാണ് ഉസാമബിന്‍ ലാദന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് എന്ന് സ്ഥാപിക്കാന്‍ തെളിവുകളില്ലെന്ന് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. ഉസാമയുടെ വധത്തിനുശേഷം ഇതാദ്യമായാണ് അമേരിക്ക പാക്കിസ്ഥാന് ക്ലീന്‍ചിറ്റ് നല്‍കുന്നത്.

ഉസാമയുടെ വധം പാക്കിസ്ഥാനുമായുള്ള ബന്ധത്തെ ഉലയ്ക്കില്ലെന്ന് പറഞ്ഞ ഹിലരി ഇസ്‌ലാമിക തീവ്രവാദികളെ നിയന്ത്രിക്കുന്നതില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു. അബോട്ടാബാദ് ആക്രമണത്തിനുശേഷം ഇതാദ്യമായാണ് അമേരിക്കയുടെ മുതിര്‍ന്ന നേതാവ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.

പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി, പട്ടാളമേധാവി അഷ്ഫാഖ് കയാനി, ഐ.എസ്.ഐ മേധാവി അഹമ്മദ് ഷൂജ പാഷ എന്നിവരുമായും ഹിലരി ചര്‍ച്ച നടത്തി. അബോട്ടാബാദ് സംഭവത്തിനുശേഷം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹിലരി ക്ലിന്റണ്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.