ന്യൂയോര്‍ക്ക്: ഇന്ത്യയും അമേരിക്കയും ഒപ്പിട്ട ആണവ കരാറിലെ നഷ്ടപരിഹാര വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് അമേരിക്ക. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.

ആണവ ദുരന്തമുണ്ടായാല്‍ നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ചുള്ള രാജ്യാന്തര വ്യവസ്ഥകളേക്കാള്‍ കര്‍ശനമായ വ്യവസ്ഥകളാണ് ഇന്ത്യ വെച്ചിരിക്കുന്നതെന്നാണ് ഹിലരി പറഞ്ഞത്.

ഇന്ത്യാ-അമേരിക്ക ആണവകരാര്‍ നടപ്പാക്കുന്നതില്‍ നിര്‍ണായകമാണു നഷ്ടപരിഹാര വ്യവസ്ഥകള്‍. ഇന്ത്യ പാസാക്കിയ നിയമം അമേരിക്കന്‍ കമ്പനികള്‍ക്കു കരാറില്‍ ഏര്‍പ്പെടുന്നതിനു തടസമാണെന്നു ഹിലാരി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു.

തെക്കന്‍ ഏഷ്യയും മധ്യേഷ്യയും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ സില്‍ക്ക് പാതക്കായുള്ള ഇന്ത്യയുടെ പരിശ്രമങ്ങളെ ഹിലരി അഭിനന്ദിച്ചു.