വാഷിങ്ടണ്‍: സിറിയയില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെതിരെ പ്രക്ഷോഭം നടത്തിയ 2,000 ത്തോളം പേരെ സൈന്യം കൊന്നൊടുക്കിയെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. വിമതപ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ നടക്കുന്ന ഈ നരഹത്യയുടെ ഉത്തരവാദിത്തം സിറിയന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഹിലരി ആവശ്യപ്പെട്ടു.

കഴിഞ്ഞ നാല് ദിവസത്തിനകം 150 ഓളം സാധാരണക്കാരാണ് പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടത്. ഭക്ഷണം, മരുന്ന തുടങ്ങിയവ ലഭിക്കാതെ നഗരത്തില്‍ നിന്നും ജനം കൂട്ടപലായനം ആരംഭിച്ചിരിക്കുകയാണ്. ഇതിനൊക്കെ ആസാദ് ഭരണകൂടം ഉത്തരം പറയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിറിയയില്‍ ജനാധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടത്തിന് അമേരിക്ക എല്ലാ പിന്തുണയും നല്‍കും. അമേരിക്ക സന്ദര്‍ശിക്കുന്ന കനേഡിയന്‍ വിദേശകാര്യ മന്ത്രി ജോണ്‍ ബെയേര്‍ഡുമായി ചര്‍ച്ച നടത്തിയ ശേഷം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹിലരി ക്ലിന്റണ്‍ സിറിയന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

സമരക്കാരെ കൊല്ലാന്‍ വേണ്ടി മാത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി പ്രവര്‍ത്തിക്കുന്നതെന്നും സിറിയന്‍ സര്‍ക്കാരിനും ഭരണാധികാരി ബാഷര്‍ അസദിനും അധികാരത്തില്‍ തുടരാന്‍ ഇനി അര്‍ഹതയില്ലെന്നും ഹിലരി ആവര്‍ത്തിച്ചു.

ഇതിനിടെ, സിറിയയില്‍ ബഹുകക്ഷി രാഷ്ട്രീയം അനുവദിക്കുന്ന ഉത്തരവ് പ്രസിഡന്റ് അസാദ് പുറപ്പെടുവിച്ചതായി സനാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇപ്പോള്‍ ബാത്ത് പാര്‍ട്ടിക്കാണ് ഭരണത്തിന്റെ കുത്തക.