എഡിറ്റര്‍
എഡിറ്റര്‍
ഹിജാമ ചികിത്സയും ഇസ്‌ലാമും
എഡിറ്റര്‍
Friday 9th June 2017 7:13pm

തന്റെ കാലത്ത് നിലവിലുണ്ടായിരുന്ന ചികിത്സാമുറകളെ അവലംബിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. ഇന്ന് ആ സുന്നത്തിനെ പിന്‍പറ്റുക എന്നാല്‍ ഇന്നത്തെ ഏറ്റവും ഫലപ്രദമായ ചികില്‍സാരീതി സ്വീകരിക്കുക എന്നതാകുന്നു. സുന്നത്തിനെയും നബിവചനങ്ങളെും ഇങ്ങനെയാണ് മനസ്സിലാക്കേണ്ടത്.



ഒപ്പീനിയന്‍: മുഹമ്മദ് ഷമീം


ഹിജാമ എന്ന ചികില്‍സാരീതിയെപ്പറ്റി എനിക്ക് യാതൊന്നും അറിയില്ല. അതേസമയം പ്രവാചകവൈദ്യം എന്ന പേരില്‍ ഇത് പ്രചരിച്ചു കൊണ്ടിരിക്കുന്നതിന് എന്തെങ്കിലും അടിസ്ഥാനമുള്ളതായി തോന്നിയിട്ടില്ല.

എന്താണീ സാധനം എന്നൊന്നറിയാം എന്ന താല്‍പര്യത്തില്‍ ഒരിക്കല്‍ ഹിജാമ ചികിത്സാകേന്ദ്രത്തില്‍ പോയ ഒരനുഭവമുണ്ട്. അവിടെയുണ്ടായിരുന്ന ഒരാളില്‍ നിന്നും അല്‍പം രക്തം കപ്പ് ചെയ്ത് എടുത്ത ശേഷം ചികിത്സകന്‍ അയാളോട് വുദുവെടുത്ത് രണ്ട് റക്അത്ത് നിസ്‌കരിച്ചു വരണമെന്നും അതുകഴിഞ്ഞ് വീണ്ടും ചെയ്യണമെന്നും പറയുന്നത് കേട്ടു.

നോക്കുമ്പോള്‍ ചുവരുകളൊക്കെ നബിവചനങ്ങള്‍ (എന്ന് പറയപ്പെടുന്ന വര്‍ത്തമാനങ്ങള്‍) എഴുതി നിറച്ചിരിക്കുന്നു. പിന്നെ ഞാനവിടെ നിന്നില്ല. ഉടനെ സ്ഥലം വിട്ടു. അതിന്റെ കാരണം വഴിയേ പറയാം.

വൈദ്യശാസ്ത്രത്തില്‍ എനിക്ക് വലിയ പിടിയില്ല. അതിനാല്‍ത്തന്നെ അതുമായി ബന്ധപ്പെട്ട സംവാദങ്ങളിലൊന്നും ഇടപെടാറുമില്ല. ആധുനിക വൈദ്യശാസ്ത്രം എന്ന് സ്വയം വിളിക്കുന്ന, പലരും അലോപ്പതി എന്ന് വിശേഷിപ്പിക്കാറുള്ള വൈദ്യശാഖയോട് യാതൊരു തരത്തിലുള്ള വിയോജിപ്പുമില്ല. അതേസമയം അതിന്റെ രീതിശാസ്ത്രം മാത്രമേ ശരിയാവൂ എന്ന വിശ്വാസവും ഇല്ല.

തത്വശാസ്ത്രപരമായി ഹോമിയോപ്പതിയോട് ഒരു മതിപ്പുണ്ട്. എന്നു കരുതി ഹോമിയോ ചികില്‍സയാണ് ശരി എന്ന അഭിപ്രായമൊന്നുമില്ല. തത്വശാസ്ത്രം വേവിച്ചൂതിക്കുടിച്ചാല്‍ രോഗം മാറില്ലെന്ന പൂര്‍ണവിശ്വാസം ഉണ്ട് എന്നതോടൊപ്പം അവഗണിക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട് ചുറ്റിലും നിന്ന് ഉണ്ടായിട്ടുമുണ്ട് (അനുഭവങ്ങള്‍ മോഡേണ്‍ മെഡിസിന് പ്രമാണമല്ല എന്നറിഞ്ഞു കൊണ്ടും അനുഭവങ്ങള്‍ ഒരു തത്വത്തെ സ്ഥാപിക്കാന്‍ എപ്പോഴും മതിയായ തെളിവല്ല എന്ന് സമ്മതിച്ചു കൊണ്ടും തന്നെയാണ് ഇത് പറയുന്നത്).

തികച്ചും ഉപരിപ്ലവമായാണെങ്കിലും മൂന്ന് ചികില്‍സാരീതികളെ അറിയാന്‍ ഒരു ശ്രമം നടത്തി. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വിശകലനങ്ങള്‍ എല്ലായ്പോഴും രോഗാണു എന്ന ബാഹ്യശത്രുവില്‍ ചെന്നെത്തുകയും ചികില്‍സ അതിനോടുള്ള യുദ്ധപ്രഖ്യാപനമായി മാറുകയും ചെയ്യുന്നു. രാസായുധങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള പോരാട്ടം തന്നെ.

ഒട്ടും കീമോ ഫോബിക് അല്ല ഞാനെങ്കിലും ആയുധങ്ങള്‍ ക്ഷീണിപ്പിക്കുക ശത്രുവിനെ മാത്രമാവില്ല എന്ന തോന്നല്‍, ശരിയായാലും തെറ്റായാലും ബലവത്താണ്. അതേസമയം ആധുനിക ചികില്‍സാരീതികള്‍ പലപ്പോഴും അനിവാര്യമാണ് എന്നത് സത്യമാണ്. എന്തുകൊണ്ട് അനിവാര്യമായിത്തീരുന്നു എന്ന ചര്‍ച്ച പ്രസക്തമാണെങ്കിലും.

രണ്ടാമത്തെത് ഓര്‍ത്തോപ്പതി എന്ന പേരില്‍ ആധുനികവല്‍ക്കരിക്കാന്‍ അതിന്റെ വക്താക്കള്‍ ശ്രമിക്കുന്ന നേചുറോപ്പതി എന്ന പ്രകൃതിചികില്‍സയാണ്. പ്രകൃതിജീവനം എന്നത് മഹത്തരമായ ആശയം തന്നെയാണ്. പ്രകൃതിയോടും അതിന്റെ വഴിയോടും ചേര്‍ന്ന് നില കൊള്ളുന്നതിലൂടെ രോഗങ്ങളെ ഒരു പരിധി വരെ തടയാം എന്നത് ശരിയുമാണ്.

അതേസമയം രോഗകാരണങ്ങളെ ഹെര്‍ബര്‍ട്ട് എം ഷെല്‍ട്ടന്‍, ജോണ്‍ എച് ടില്‍ഡന്‍ തുടങ്ങിയ ആചാര്യന്മാര്‍ വിഷസങ്കലനം (Toxaemia) എന്നതില്‍ മാത്രം ഒതുക്കുന്നു. അതല്ലാത്ത മറ്റൊരു രോഗവുമില്ലെന്നാണ് ടില്‍ഡന്‍ പറയുന്നത്. ഈ സങ്കല്‍പ്പത്തിലെ രേഗത്തെ ചെറുക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന പ്രധാനപ്പെട്ട വഴിയാകട്ടെ (ഒരുപക്ഷേ ഒരേയൊരു വഴി എന്നു തന്നെ പറയാം) ഉപവാസവും. (ഷെല്‍ട്ടന്റെയും ടില്‍ഡന്റെയുമൊക്കെ സിദ്ധാന്തങ്ങള്‍ പകര്‍ത്തിക്കൊണ്ട് നോമ്പിന്റെ ശാസ്ത്രീയത തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ബൗദ്ധിക ചാവേറുകളെ സോഷ്യല്‍ മീഡിയയില്‍ ധാരാളം കാണാം). ശരീരത്തെ അനാവശ്യമായി ക്ഷീണിപ്പിക്കുന്ന ഏര്‍പ്പാട്.

ഹോമിയോപ്പതിയുടെ നേര്‍പ്പിക്കല്‍ (dilution) സിദ്ധാന്തത്തിന്റെ ലോജിക് എത്ര ആലോചിച്ചിട്ടും ഇതുവരെ എനിക്ക് പിടികിട്ടിയിട്ടില്ല. എത്ര നേര്‍പ്പിച്ചാലും മൂലവസ്തു ഇല്ലാതാകില്ല എന്നത് അംഗീകരിക്കാം. അതേസമയം നേര്‍പ്പിക്കുന്തോറും പൊട്ടെന്‍സി കൂടുന്നതിന്റെ മായാജാലമാണ് തിരിയാത്തത്. അത് തിരിയാതിരിക്കെത്തന്നെ രോഗകാരണങ്ങളെ സ്സംബന്ധിച്ച ഹനിമാന്റെയും കെന്റിന്റെയുമൊക്കെ സിദ്ധാന്തങ്ങള്‍ അല്‍പസ്വല്‍പം വായിച്ചതില്‍ നിന്ന് താത്വികമായി അത് വളരെ മെച്ചപ്പെട്ടതാണെന്ന് തോന്നിയിട്ടുണ്ട്.

പലതരത്തില്‍ കാരണങ്ങളെ ഹോമിയോപ്പതി വിശകലനം ചെയ്യുന്നുണ്ടെങ്കിലും അതില്‍ Exciting cause, Maintaining cause എന്ന വിശകലനം ശ്രദ്ധേയമാണ്. പുറത്തു നിന്നുണ്ടാകുന്ന പ്രകോപനങ്ങളാണ് എക്സൈറ്റിങ് കോസ്. അതേസമയം സ്വയം സംരക്ഷിക്കുന്നതിന് ശരീരത്തെ പ്രാപ്തമല്ലാതാക്കുകയോ അതിന്റെ ശേഷി കുറക്കുകയോ ചെയ്യുന്ന ആന്തരിക കാരണങ്ങള്‍ മെയിന്റെയിനിങ് കോസുമാണ്.

ഹനിമാന്റെ കാലത്ത് രോഗാണു സിദ്ധാന്തമില്ലെങ്കിലും ടൂബര്‍കുലോസിസ് എന്ന ബാക്ടീരിയ ഉള്ളില്‍ വസിക്കുന്നത് കൊണ്ടു മാത്രം ഒരാള്‍ക്ക് ക്ഷയരോഗമുണ്ടാകണമെന്നില്ലെന്നും രോഗത്തെ സാധ്യമാക്കുന്ന ആന്തരിക ഘടകങ്ങള്‍ കൂടി ചേരുമ്പോഴേ ഒരാളെ അത് ബാധിക്കുന്നുള്ളൂ എന്നും ഈ സിദ്ധാന്തമനുസരിച്ച് പറയാമെന്ന് തോന്നുന്നു.

എന്തായാലും ചികില്‍സാരീതികളിലെ ശരിതെറ്റുകളും വ്യത്യസ്ത ധാരകള്‍ തമ്മിലുള്ള സംവാദങ്ങളും എന്റെ വിഷയമേയല്ല. ഇവിടെ പങ്കു വെച്ചത് എന്റെ ചില ധാരണകള്‍ മാത്രമാണ്. ചിലപ്പോള്‍ തെറ്റുമാകാം.

പുറമെ യൂനാനി, ആയുര്‍വേദം തുടങ്ങിയ ചില ചികില്‍സാ മുറകളുണ്ട്. ഇവയാകട്ടെ, പലതിനും വളരെ പ്രയോജനപ്രദമായി അനുഭവപ്പെടാറുണ്ടെങ്കിലും വളര്‍ച്ച മുരടിച്ചുപോയ ശാഖകളാണെന്ന് തോന്നുന്നു.

ഇനി ഹിജാമ അനുഭവത്തിലേക്ക് വരാം. ചികിത്സ തേടിയാണ് ആളുകള്‍ ചികിത്സകന്റെ അടുത്തേക്ക് പോകുന്നത്. നിസ്‌കരിക്കാന്‍ അവര്‍ പള്ളിയില്‍ പൊയ്ക്കോളും. ചികിത്സയില്‍ ആത്മീയമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റാണെന്ന വിശ്വാസമൊന്നും എനിക്കില്ല. ചുരുങ്ങിയ പക്ഷം പ്ലാസിബോ ഇഫക്ട് എന്നോ സൈക്കോ സൊമാറ്റിക് ഇഫക്ട് എന്നോ പറയാവുന്ന ചിലതെങ്കിലും നടക്കുമല്ലോ. അതേസമയം ചികിത്സാരീതിയെ സാധൂകരിക്കാന്‍ പ്രവാചകവചനങ്ങളെയും ആത്മീയ സാധനകളെയും ഉപയോഗിക്കുന്നത് ശരിയല്ല.

പ്രകൃതിനിയമങ്ങളെക്കുറിച്ച അവബോധം പകരുന്ന തത്വശാസ്ത്രമാണ് ഇസ്‌ലാം. പ്രകൃതിനിയമങ്ങള്‍ മനുഷ്യന്‍ നിര്‍മിക്കുന്നതല്ല, എന്നാല്‍ അവ കണ്ടെത്താന്‍ അവന് പറ്റും. ഈ നിയമങ്ങളില്‍ ദൈവത്തിന്റെ അടയാളങ്ങള്‍ കണ്ടെത്താനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. ദൈവത്തെ കണ്ടെത്തിയാലും ഇല്ലെങ്കിലും പ്രകൃതി നിയമങ്ങള്‍ എന്നത് സത്യമാണ്.

ആ നിയമങ്ങളുടെ പ്രയോജനാത്മകമായ ആവിഷ്‌കാരങ്ങളായി മനുഷ്യന്റെ സാങ്കേതികവിദ്യകളിലുള്ള വികാസത്തെ മനസ്സിലാക്കാം. രോഗങ്ങളുടെ കാരണങ്ങളെയും പ്രതിവിധികളെയും സംബന്ധിച്ച അറിവുകളും ഇക്കൂട്ടത്തില്‍പ്പെടുന്നു. അതിനാല്‍, ചികിത്സിക്കുക എന്നത് ഇസ്‌ലാമില്‍ സുന്നത്താണ്, ദിവ്യഫലദായകമായ പുണ്യപ്രവൃത്തിയാണ്.

നമ്മുടെ സകല വ്യവഹാരങ്ങളിലും പ്രാര്‍ത്ഥനയുടെ ഘടകം കൂടി ചേര്‍ക്കണം എന്ന് ശക്തമായി ഉപദേശിച്ചതല്ലാതെ, പ്രാര്‍ത്ഥന കൊണ്ട് രോഗം മാറ്റാം എന്ന മൂഢതയൊന്നും ഇസ്‌ലാം വെച്ചു പുലര്‍ത്തുന്നില്ല. രോഗചികിത്സയ്ക്ക് ആശുപത്രിയിലെത്തുന്ന വിശ്വാസി ദൈവത്തെ ഉപേക്ഷിച്ച് ആധുനികശാസ്ത്രത്തെ അവലംബിക്കുകയാണെന്ന് അടിക്കടി പോസ്റ്റുകളിട്ട് മനോരതിയില്‍ മുഴുകുന്ന യുക്തിവാദികള്‍ക്ക് നല്ല നമസ്‌കാരം.

വൈദ്യത്തിലും വൈദ്യനിലും വൈദ്യമുറകളിലും വിശ്വാസി കണ്ടെത്തുന്നത് ദൈവിക ചിഹ്നങ്ങളെത്തന്നെയാണ്. വൈദ്യന്റെ ജ്ഞാനത്തിന്റെയും മരുന്നിന്റെ ഫലതയുടെയും ആധാരം ദൈവിക ചിഹ്നങ്ങളായിരിക്കെ, വൈദ്യത്തെ അനുഗ്രഹമായി കണ്ടുകൊണ്ട് ചികില്‍സ തേടുക എന്നത് ആത്മീയ സാധനയായാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ ജ്ഞാനങ്ങളോടുമുള്ള ഇസ്‌ലാമിന്റെ നിലപാടും അതാണ്.

ഇതാണ് ചികില്‍സയെക്കുറിച്ച പ്രവാചകപാഠം. ഇതിനപ്പുറം ഏത് ചികില്‍സാരീതി ഉപയോഗിക്കണം എന്നത് പ്രവാചകാനുധാവനവുമായി ബന്ധപ്പെട്ട കാര്യമൊന്നുമല്ല. പ്രവാചകവൈദ്യം എന്ന ഒരു ചികില്‍സാരീതിയെപ്പറ്റി വേദത്തിലോ നബിചര്യയിലോ യാതൊരു പരാമര്‍ശവും ഇല്ല. അതിനാല്‍ ഹിജാമയെ ആധുനികവൈദ്യമൗലികവാദികള്‍ക്ക് വിമര്‍ശിക്കാം. വിമര്‍ശനം വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ ആകട്ടെ. അതില്‍ പക്ഷേ, മതവിമര്‍ശത്തിന്റെ എരിവും പുളിയും ചേര്‍ക്കേണ്ടതില്ല. ഇതെന്തോ സംരക്ഷിച്ചു നിര്‍ത്തേണ്ട പ്രവാചകചര്യയും മതബാധ്യതയുമാണ് എന്ന മട്ടില്‍ ഹിജാമയ്ക്കെതിരായ വാദങ്ങള്‍ക്കെതിരെ രംഗത്തു വരേണ്ട ആവശ്യം വിശ്വാസികള്‍ക്കും ഇല്ല.

തന്റെ കാലത്ത് നിലവിലുണ്ടായിരുന്ന ചികിത്സാമുറകളെ അവലംബിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. ഇന്ന് ആ സുന്നത്തിനെ പിന്‍പറ്റുക എന്നാല്‍ ഇന്നത്തെ ഏറ്റവും ഫലപ്രദമായ ചികില്‍സാരീതി സ്വീകരിക്കുക എന്നതാകുന്നു. സുന്നത്തിനെയും നബിവചനങ്ങളെും ഇങ്ങനെയാണ് മനസ്സിലാക്കേണ്ടത്.

പ്രവാചകന്റെ പ്രവൃത്തിയുടെ ആധാരമാണ് അവലംബം. അല്ലാതെ പ്രവൃത്തിയുടെ വിശദാംശങ്ങളല്ല. ആ പ്രവൃത്തിയെ ഇന്ന് പ്രമാണമാക്കുമ്പോള്‍ ഇന്നത്തെ ജ്ഞാനത്തിന്റെയും സാമൂഹികസാഹചര്യങ്ങളുടെയും ആദാരത്തില്‍ വേണം. ചികിത്സയും ഭക്ഷണരീതികളും മുതല്‍ സകാത്തിന്റെ നിസാബും മാസപ്പിറവിയും വരെ ഇങ്ങനെ നിര്‍ണയിക്കപ്പെടണം എന്നാണ് ഇതെഴുതുന്നയാളിന്റെ പക്ഷം.

പ്രവാചകവൈദ്യം എന്ന പരികല്‍പന ഒട്ടേറെ തട്ടിപ്പുകള്‍ക്ക് നിമിത്തമായിത്തീരുന്നു. അതിനാല്‍ത്തന്നെ ആ കണ്‍സെപ്റ്റ് തന്നെ കാപട്യമാണ്. അതായത്, കപടശാസ്ത്രത്തിനാണ് അത് ജന്മം നല്‍കുക. പലതരം അന്തക്കേടുകളില്‍ കുടുങ്ങി ഇത്തരത്തിലുള്ള ആത്മീയ ചികില്‍സകള്‍ ധാരാളമായി നടക്കുന്നുണ്ട്.

ആയുര്‍വേദ, സിദ്ധ മരുന്നുകള്‍ നിര്‍മിക്കുന്ന, കേരളത്തിലെ പ്രശസ്തമായ ഒരു ആശ്രമം ടെക്സ്റ്റുകളില്‍ ഇല്ലാത്ത ചില ഔഷധങ്ങളും പുറത്തിറക്കുന്നുണ്ട്. അവരുടെ യോഗിമാര്‍ക്ക് തപസ്സിലൂടെ ലഭിച്ച പ്രത്യേക ഔഷധമായാണ് അവയെ അവര്‍ പരിചയപ്പെടുത്താറുള്ളത്.

റെയ്കി, പ്രാണിക് ഹീലിങ് തുടങ്ങിയ ചികില്‍സാരീതികളും ഇപ്രകാരമുള്ള തട്ടിപ്പുകളോ അന്തക്കേടുകളോ ആണ്. ജപ്പാനിലെ ബുദ്ധസന്യാസി മികാഓ ഉസൂയി 1922ല്‍ വികസിപ്പിച്ച സിദ്ധാന്തമാണ് റെയ്കി. ജപ്പാനീസില്‍ rei എന്നാല്‍ soul എന്നും ki എന്നാല്‍ vital energy എന്നുമത്രേ അര്‍ത്ഥം. റെയ്കി മാസ്റ്ററില്‍ നിന്നും പരമ്പരാഗതമായി ദീക്ഷ ലഭിച്ചവര്‍ക്ക് മാത്രമേ റെയ്കി ചികില്‍സ നടത്താന്‍ പറ്റുകയുള്ളൂ എന്നാണ് വിശ്വാസം.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മിസ്റ്റിക് ഗുരുക്കന്മാര്‍, വിശിഷ്യാ ഇന്ത്യയിലെ മഹര്‍ഷിമാര്‍ യോഗസാധനയിരൂടെ വളര്‍ത്തിയെടുത്ത സാധനാരീതിയെയാണ് ചികില്‍സയായി ഉസൂയി വികസിപ്പിച്ചത് എന്നാണ് അവകാശവാദം. ഈ സാധനാരീതിയെ അദ്ദേഹം കഠിനയത്നത്താല്‍ പുനഃസൃഷ്ടിക്കുകയായിരുന്നത്രേ. യാതൊരു ദൂഷ്യഫലങ്ങളും ഇല്ല എന്ന് റെയ്കി ചികില്‍സകന്മാര്‍ അവകാശപ്പെടുന്നു. ഫലമുണ്ടായിട്ടു വേണ്ടേ ദൂഷ്യഫലം എന്നൊന്നും തിരിച്ച് ചോദിക്കരുത്.

ഷഡാധാരങ്ങളിലും (മനുഷ്യശരീരത്തിലെ ഊര്‍ജപ്രവാഹത്തിന് ആറ് ആധാരങ്ങളടങ്ങിയ ഒരു ആധാരചക്രമുണ്ടെന്നും മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, ആനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയാണ് ആധാരങ്ങള്‍ എന്നും പ്രാചീനഭാരതത്തിലെ താന്ത്രിക യോഗിമാര്‍ കരുതിയിരുന്നു) രോഗാവസ്ഥയിലുള്ള ശരീരഭാഗങ്ങളിലും തന്റെ കൈകളിലൂടെ റെയ്കിയെ നല്‍കുകയാണ് ചികില്‍സകന്‍ ചെയ്യുന്നത്.

നട്ടെല്ലിന്റെ കീഴറ്റത്തുള്ള കോണാകാരമായ അസ്ഥിക്കുള്ളിലാണത്രേ മൂലാധാരം സ്ഥിതി ചെയ്യുന്നത്. അതിലാണ് കുണ്ഡലിനി ഇരിക്കുന്നത്. സര്‍പ്പാകൃതിയില്‍ ചുരുണ്ട് സ്ഥിതി ചെയ്യുന്ന ഈ കുണ്ഡലിനിയെ ശരീരം മുഴുവന്‍ കീറി മുറിച്ച് അനാട്ടമി പഠിക്കുന്ന ആരും ഇന്നു വരെ കണ്ടെത്തിയിട്ടില്ല. ഗുര്‍ജിഫ് മുതല്‍ ഓഷോ വരെയുള്ള അത്യന്താധുനിക ഗുരുക്കന്മാര്‍ക്കും കുണ്ഡലിനി വളരെ പ്രിയങ്കരമായ ഒരു സങ്കല്‍പമാണ്. ഭാരതത്തിന്റെ അതിമഹത്തായ ശാസ്ത്ര കണ്ടുപിടുത്തമായി ഇവിടുത്തെ സാംസ്‌കാരിക ദേശീയ വാദികളും ഇതിനെ കൊണ്ടു നടക്കുന്നു.

പ്രാണശക്തി, ഷഡാധാരങ്ങള്‍, ഊര്‍ജപ്രവാഹം തുടങ്ങിയവയെ മറ്റൊരു രീതിയില്‍ വികസിപ്പിച്ചതാണ് പ്രാണിക് ഹീലിങ്. ചീനാ വംശജനായ ചോവാ കോക് സൂയിയാണ് അതിന്റെ ആചാര്യന്‍. ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുക എന്ന കാര്യകാരണബന്ധമെങ്കിലും റെയ്കിയില്‍ ഉണ്ടെങ്കില്‍ പ്രാണിക് ഹീലിങ് രോഗിയുടെ മുന്നില്‍ നിന്ന് ഗോഷ്ഠി കാണിക്കലാണ്. ടെലിപ്പതിക് പ്രാണിക് ഹീലിങ് എന്ന വിചിത്രമായ രീതിയും നിലവിലുണ്ട്.

എന്തായാലും ഷഡാധാരങ്ങളും കുണ്ഡലിനിയുമൊക്കെ യോഗവിദ്യയിലും താന്ത്രികമതങ്ങളിലും ശക്തമായി നിലനിന്നിരുന്ന കാലത്ത് ഇന്ത്യയില്‍ ഇതൊന്നും ചികില്‍സക്ക് വേണ്ടി ഉപയോഗിക്കപ്പെട്ടിരുന്നില്ല. അങ്ങനെ ഉപയോഗിച്ചിരുന്നെങ്കില്‍ ആയുര്‍വേദം പോലുള്ള ചികില്‍സാരീതികള്‍ ഉണ്ടാകുമായിരുന്നില്ലല്ലോ.

ഹിജാമ, അക്യുപങ്ചര്‍, സിദ്ധ തുടങ്ങിയ ശാഖകളും രീതികളും ഏതോ അര്‍ത്ഥത്തിലുള്ള കാര്യകാരണസങ്കല്‍പങ്ങളെ അവലംബമാക്കുന്നുണ്ട്. അതേസമയം ഈ സങ്കല്‍പങ്ങളിലെ ശാസ്ത്രീയതയും ശരിയും എത്രത്തോളമാണ് എന്ന വിഷയത്തില്‍ ഇതെഴുതുന്നയാള്‍ക്ക് പിടിപാടൊന്നുമില്ല.

അതേസമയം കുണ്ഡലിനി, പ്രവാചകവൈദ്യം, മന്ത്രചികില്‍സകള്‍ തുടങ്ങിയവ വേദമെന്തെന്നോ വൈദ്യമെന്തെന്നോ അറിയാത്ത, മതത്തെയും ദൈവത്തെയുമൊക്കെ യുക്തിഭദ്രതയില്ലാത്ത വിശ്വാസങ്ങളായി മാത്രം കൊണ്ടുനടക്കുകയും അതിനോടുള്ള ഭ്രമങ്ങളില്‍ ബോധം നഷ്ടപ്പെടുകയും ചെയ്യുന്ന സാധാരണക്കാരെയും എന്തെങ്കിലും കാരണവശാല്‍ ചികില്‍സകളൊന്നും ഫലിക്കാതെ നിരാശത ബാധിച്ച് ജീവിക്കുന്ന രോഗികളെയും പറഞ്ഞ് പറ്റിക്കുന്ന ഏര്‍പ്പാടുകളാണ്.

ഒരിക്കല്‍ കൂടി പറയട്ടെ, ഫലപ്രദവും പ്രയോജനകരവുമായ ചികില്‍സകള്‍ സ്വീകരിക്കലാണ് പ്രവാചകന്റെ സുന്നത്ത്. എല്ലാ രോഗങ്ങള്‍ക്കും ഔഷധമുണ്ടെന്ന് നബി പറഞ്ഞു. അത് പക്ഷേ കണ്ടെത്തേണ്ടത് ആ മേഖലയില്‍ ജ്ഞാനമുള്ള മനുഷ്യര്‍ തന്നെയാണ്. സുന്നത്തും ഹിജാമയുമായി ബന്ധമൊന്നുമില്ല. ഹിജാമ ശരിയായാലും തെറ്റായാലും.

Advertisement