Categories

ഹയര്‍സെക്കന്ററി പരീക്ഷാഫലം: ഡി.പി.ഐ റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിലുണ്ടായ പിഴവുകളുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. പിഴവുകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാനും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ഹയര്‍സെക്കന്റെറി പരീക്ഷാ വിഭാഗത്തില്‍ സമൂലമാറ്റം വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡി.പി.ഐ) റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതില്‍ ഏകോപനത്തില്‍ പിഴവുകളുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പ്ലസ് ടു പരീക്ഷാഫലം പരിഷ്‌കരിച്ചതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പൂര്‍ണമായും പരിഹരിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരീക്ഷാഫലം പൂര്‍ണമായും പുനഃപ്രസിദ്ധീകരിക്കാന്‍ കഴിയാത്തതാണ് വിദ്യാര്‍ഥികളേയും രക്ഷാകര്‍ത്താക്കളേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.

3.8 ലക്ഷം വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇവരുടെ പരീക്ഷാഫലം മേയ് 20നു തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആയിരത്തോളം വിദ്യാര്‍ഥികളുടെ തടഞ്ഞുവച്ച പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും ഗ്രേസ് മാര്‍ക്ക് നല്‍കിയതിലെ അപാകത പരിഹരിക്കാനുമായി കഴിഞ്ഞ ദിവസം പരീക്ഷാഫലം പരിഷ്‌കരിച്ചു. ഇതോടെ ആദ്യത്തെ പരീക്ഷാഫലം റദ്ദായി. ആദ്യം വിജയിച്ച പല കുട്ടികളും പരിഷ്‌കരിച്ച ഫലം വന്നപ്പോള്‍ പരാജയപ്പെട്ടു. കുട്ടികളും രക്ഷിതാക്കളും പരാതിയുമായി എത്തിയതോടെ തിങ്കളാഴ്ച രാത്രി വെബ്‌സൈറ്റ് മരവിപ്പിച്ചു. വിശദമായ പരിശോധന നടത്തിയപ്പോള്‍ മോഡറേഷന്‍ നല്‍കാതെ ഫലം പ്രഖാപിച്ചതാണ് ആദ്യതവണ വിജയിച്ച കുട്ടികള്‍ പുതിയ ഫലത്തില്‍ തോല്‍ക്കാന്‍ കാരണമെന്നു കണ്ടെത്തി. മോഡറേഷന്‍ നല്‍കാത്തതിനാല്‍ 6,388 കുട്ടികളുടെ ഫലത്തിലാണു മാറ്റമുണ്ടായത്. തുടര്‍ന്ന് അപാകത പരിഹരിച്ച് ഫലം പുനഃപ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ മുഴുവന്‍ വിദ്യാര്‍ഥികളുടേയും ഫലം നല്‍കാതെ 6388 വിദ്യാര്‍ഥികളുടെ ഫലം മാത്രം പ്രസിദ്ധീകരിച്ചതാണു വീണ്ടും ആശയക്കുഴപ്പമുണ്ടാക്കിയത്. മറ്റുള്ള വിദ്യാര്‍ഥികള്‍ വെബ്‌സൈറ്റില്‍ ഫലം പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്താണു സംഭവിച്ചതെന്നറിയാതെ വിദ്യാര്‍ഥികള്‍ വലഞ്ഞു. എല്ലാ വിദ്യാര്‍ഥികളുടേയും പരീക്ഷാഫലം മേയ് 20 മുതല്‍ ഇത്രയും ദിവസം വെബ്‌സൈറ്റിലുണ്ടായിരുന്നുവെന്നും അവര്‍ക്കു മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പെടുക്കാന്‍ കഴിയുമായിരുന്നെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു. ഇപ്പോഴത്തെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. പരീക്ഷാഫലം പരിഷ്‌കരിച്ചപ്പോഴുണ്ടായ അപാകതയും ആശയക്കുഴപ്പവും പരിഹരിക്കാന്‍ വേണ്ടിയാണ് 6388 വിദ്യാര്‍ഥികളുടെ മാത്രം പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. മറ്റുള്ള വിദ്യാര്‍ഥികളുടെ ഫലം വീണ്ടും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇവരുടെ ആരുടേയും ഫലത്തില്‍ മാറ്റമില്ലെന്നും ഹയര്‍ സെക്കന്‍ഡറിയുടെ ചുമതലയുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു.

ഗ്രേസ് മാര്‍ക്ക് നല്‍കിയതിനെക്കുറിച്ച് നിരവധി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. ഇതു തിരുത്താനും ഫലം തടഞ്ഞുവച്ച വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും വേണ്ടിയാണു ഫലം പരിഷ്‌കരിച്ചതെന്ന് ഡി.പി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന്‍ നല്‍കിയതു കണക്കാക്കുന്നതിലുണ്ടായ അപാകതയാണ് പരിഷ്‌കരിച്ച ഫലത്തില്‍ ഇവര്‍ പരാജയപ്പെടാന്‍ ഇടയാക്കിയതെന്നും പെട്ടെന്നുതന്നെ ഇതു പരിഹരിച്ച് അവരുടെ മാത്രം ഫലം നല്‍കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരീക്ഷാഫലം തയാറാക്കാന്‍ സാങ്കേതിക സഹായം നല്‍കിയ നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിനുണ്ടായ പാകപ്പിഴയാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.