തിരുവനന്തപുരം: പ്ലസ് വണ്ണിലെ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെപ്പറ്റി ഹയര്‍ സെക്കന്ററി ഡയറക്ടര്‍ അന്വേഷിക്കും. മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ഫൈനല്‍ പരീക്ഷയിലും ആവര്‍ത്തിച്ചു എന്നായിരുന്നു ആരോപണം. സംഭവത്തെപ്പറ്റി ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രിയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചത്. ഇതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇടതു അധ്യാപക സംഘടനയായ കെ.എസ.്ടി.എ ആണ് മോഡല്‍ പരീക്ഷയ്ക്കുളള ചോദ്യങ്ങള്‍ തയാറാക്കിയത്. ആകെ 60 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.

അതില്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങളും മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറിനോട് സാമ്യമുളളതും ചിലത് അതേ ചോദ്യങ്ങളുമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇതില്‍തന്നെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മോഡല്‍ പരീക്ഷയിലെ ചോദ്യം അതേപടി പകര്‍ത്തിയിരിക്കുകയാണെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ 21നായിരുന്നു പരീക്ഷ നടന്നത്.