കൊച്ചി: കൊച്ചി നഗരത്തില്‍ മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് ഗതാഗത സ്തംഭനമുണ്ടായതിന്റെ പേരില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ശാസന. സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാറിനെയാണ് ഹൈക്കോടതി വിളിച്ചുവരുത്തി ശാസിച്ചത്.

നഗരത്തില്‍ തിരക്കേറിയ സമയത്താണ് കുഡുംബി സേവാസംഘത്തിന്റെ മാര്‍ച്ച് തുടങ്ങിയത്. തുടര്‍ന്ന് വലിയതോതില്‍ ഗതാഗത തടസമുണ്ടായി. ഈ സമയത്ത് കോടതിയിലേക്ക് വന്ന ജഡ്ജിമാര്‍ക്ക് പോലും വാഹനത്തില്‍ നിന്നിറങ്ങി ഹൈക്കോടതി വരെ നടക്കേണ്ടി വന്നു.

ഈ സാഹചര്യത്തിലായിരുന്നു കോടതിയുടെ അടിയന്തര ഇടപെടല്‍. നഗരത്തില്‍ തിരക്കേറിയ സമയത്ത് ഇത്തരം റാലികള്‍ക്ക് അനുമതി നല്‍കിയതിനാണ് ശാസന. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും കോടതി പോലീസ് കമ്മീഷണറോട് നിര്‍ദേശിച്ചിട്ടുണ്ട്.