കൊച്ചി: കിളിരൂര്‍ കേസില്‍ സി.ബി.ഐ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. പീഡനത്തിനിരയായി കൊല്ലപ്പെട്ട ശാരിയുടെ മാതാപിതാക്കളാണ് ഹര‍ജി നല്‍കിയിരുന്നത്.

അതേസമയം വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനുള്ള ശാരിയുടെ മാതാപിതാക്കളുടെ നീക്കം സംശയകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ തുടരന്വേഷണത്തിന് ഉത്തരവിടാനാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രസവശേഷം ശാരി മരിക്കാനുണ്ടായ സാഹചര്യം ദുരൂഹമാണെന്നും സി.ബി.ഐ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ശാരിയുടെ മാതാപിതാക്കള്‍ ഹരജി നല്‍കിയത്.

എന്നാല്‍ വൈദ്യശാസ്ത്രരംഗത്തെ പിഴവുകളെക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് നടത്തിയിട്ടുള്ളതെന്നും ഇക്കാര്യം ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് സി.ബി.ഐ കോടതി തുടരന്വേഷണ ആവശ്യം തള്ളിയതെന്നും കോടതി വ്യക്തമാക്കി.

ഫെബ്രുവരി എട്ടിനാണ് കിളിരൂര്‍ കേസിലെ വിധി പുറത്തുവന്നത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഈ വിധിയില്‍ തൃപ്തനെന്ന് പറഞ്ഞ ശാരിയുടെ പിതാവ് കേസില്‍ ഉള്‍പ്പെട്ട നിരവധി ആളുകള്‍ പുറത്തുണ്ടെന്നും അവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരാനുള്ള ശ്രമം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.

ശാരിയുടെ ചികിത്സയില്‍ ഗൂഢാലോചനകള്‍ നടന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശാരിയുടെ പിതാവ് സി.ബി.ഐ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. സി.ബി.ഐയുടെ അന്വേഷണത്തില്‍ ഇതുവരെ ശാരിക്ക് ലഭിച്ച ചികിത്സയിലെ പിഴവിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ശാരിയെ മാതാ ആശുപത്രിയില്‍ ചികിത്സിച്ച ഡോ. ശങ്കരന്റെ ചികിത്സയില്‍ പിഴവുണ്ടെന്ന് മാധ്യമങ്ങളോടു പറഞ്ഞ ഡോ. എ.പി കുരുവിളയെ സാക്ഷിയാക്കി വിസ്തരിക്കണം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയിട്ടില്ല എന്നീ കാര്യങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ കേസില്‍ ഏതെങ്കിലും വി.ഐ.പി ഇടപെട്ടതിനോ ഗൂഢാലോചന നടത്തിയതിനോ യാതൊരു വിധ തെളിവും പരാമര്‍ശവും കുറ്റപത്രത്തിലില്ലെന്ന് പറഞ്ഞ് ഈ ആവശ്യം സി.ബി.ഐ കോടതി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

കിളിരൂര്‍ സ്വദേശിയായ ശാരി എസ് നായര്‍ എന്ന പെണ്‍കുട്ടിയെ സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2003ല്‍ ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി ശാരി പീഡിപ്പിക്കപ്പെട്ടു. ഗര്‍ഭിണിയായ പെണ്‍കുട്ടി 2004 ആഗസ്റ്റില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവശേഷം അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാരി നവംബര്‍ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

പ്രവീണ്‍, മനോജ്, ലതാനായര്‍, കൊച്ചുമോന്‍, പ്രശാന്ത് , സോമന്‍ എന്നിവരാണ് വിചാരണ നേരിട്ട പ്രതികള്‍.

Malayalam news

Kerala news in English