കൊച്ചി: കായല്‍കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള കള്കടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളി. ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ദേവന്‍ രാമചന്ദ്രനും അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയ ശേഷമാണ് കോടതിയുടെ നടപടി.

Subscribe Us:

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമുണ്ടായെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിനെ എതിര്‍കകക്ഷിയാക്കിക്കൊണ്ട് മന്ത്രി തന്നെ ഹരജിയുമായി എത്താനുള്ള അവകാശം ഇല്ലെന്നും അത്തരത്തില്‍ ഹരജി എത്തുന്നത് കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

മന്ത്രി ദന്തഗോപുരത്തില്‍നിന്നു താഴെയിറങ്ങണമെന്ന് അഭിപ്രായപ്പെട്ട കോടതി സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നു പറഞ്ഞു.

തോമസ് ചാണ്ടിക്കു വേണമെങ്കില്‍ ഹര്‍ജി പിന്‍വലിക്കാമെന്നു ഹൈക്കോടതി ഉച്ചഭക്ഷണത്തിനായി പിരിയുന്നതിന് മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ചാണ്ടിയുടെ അഭിഭാഷകന്റെ നിലപാട്.

ഹര്‍ജി നിലനില്‍ക്കുമോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിതെന്നു ചൂണ്ടിക്കാട്ടി.

ഇതിന് പിന്നാലെയാണ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. രണ്ട് ജഡ്ജിമാരാണ് വാദം കേട്ടത്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നീക്കാന്‍ കലക്ടറെ 15 ദിവസത്തിനകം സമീപിക്കണമെന്ന് ജസ്റ്റിസ് പി.എന്‍.രവീന്ദ്രന്‍ നിര്‍ദേശിച്ചു.

എന്നാല്‍ കോടതിയെ സമീപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണം. കലക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തിപരമായ പരാമര്‍ശമോ നടപടി നിര്‍ദേശമോ ഇല്ല. ഭാവിയില്‍ നടപടിയുണ്ടാകുമോ എന്ന ആശങ്ക മാത്രമാണു തോമസ് ചാണ്ടിയുടേതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെയെന്നായിരുന്നു രാവിലെ ഹരജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ തന്നെ കോടതി ചോദിച്ചത്. ഇതു ഭരണഘടനാ ലംഘനമല്ലേയെന്നും സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

‘നിങ്ങള്‍ സര്‍ക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിത്. കോടതിയെ സമീപിച്ചു തല്‍സ്ഥാനത്തു തുടരാനാണു മന്ത്രിയുടെ ശ്രമം. ഇതു ദൗര്‍ഭാഗ്യകരമാണ്. അയോഗ്യത കല്‍പ്പിക്കാന്‍ മതിയായ കാരണങ്ങളാണിത്. സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചതു െതറ്റുതന്നെ. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയില്‍ ഇരിക്കാനാകും ? മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തമില്ലായ്മയാണ്’- ഇങ്ങനെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.