എഡിറ്റര്‍
എഡിറ്റര്‍
വിവാദ പ്രസംഗം: എം.എം മണിക്കെതിരായ ഹരജികള്‍ ഹൈക്കോടതി തള്ളി
എഡിറ്റര്‍
Wednesday 31st May 2017 1:36pm

കൊച്ചി: മൂന്നാറിലെ പെമ്പിളൈ ഒരുമൈയ്‌ക്കെതിരായ വിവാദ പ്രസംഗത്തില്‍ മന്ത്രി എം.എം.മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

ഇടപെടാന്‍ പര്യാപ്തമായ വിഷയമല്ലെന്ന് കോടതി വിലയിരുത്തി. മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം രൂപീകരിക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞു.

നിര്‍ദേശം നല്ലതാണെങ്കിലും അത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് കോടതി വിലയിരുത്തി. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തില്‍ പെടുന്നതാണ്. ഇതില്‍ ഇടപെടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.


കന്നുകാലി കശാപ്പിന് നിരോധനമില്ല ; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ പിന്തുണച്ച് ഹൈക്കോടതി 


ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും സത്യം ജയിച്ചെന്നും എം.എം മണി പ്രതികരിച്ചു. താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എം.എം.മണിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം പൊലീസ് നേരത്തെ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

ഏപ്രില്‍ 22ന് അടിമാലി ഇരുപതേക്കറിലെ പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് വിവാദത്തിനാധാരം. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു പ്രസംഗം എന്നായിരുന്നു ആരോപണം.

ഒന്നാം മൂന്നാര്‍ ഭൂമി ഒഴിപ്പിക്കല്‍ കാലത്ത് ദൗത്യസംഘത്തലവന്‍ കെ. സുരേഷ് കുമാറും മാധ്യമപ്രവര്‍ത്തകരും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മദ്യപാനത്തിലായിരുന്നുവെന്നും ആ സമയത്ത് പൊമ്പിളൈ ഒരുമൈക്കാര്‍ക്ക് കാട്ടിലായിരുന്നു പരിപാടിയെന്നും എം.എം. മണി ആരോപിച്ചിരുന്നു.

എന്നാല്‍ തന്റെ പ്രസംഗം പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ ആയിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആയിരുന്നെന്നും മണി പിന്നീട് വിശദീകരിച്ചു.

Advertisement