എറണാകുളം: എറണാകുളം: പാതയോരത്തെ പൊതുയോഗനിരോധനവുമായി ബന്ധപ്പെട്ട് ജയരാജന്‍ നടത്തിയ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് ഹെക്കോടതി വിധി. കോടതിയലക്ഷ്യക്കേസില്‍ ജയരാജന് കുറ്റപത്രം നല്‍കി. കേസ് ജൂണ്‍ 24 വരെ നീട്ടിക്കിട്ടണമെന്ന ജയരാജന്റെ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.

വിധിന്യായങ്ങളെ വിമര്‍ശിക്കാനുള്ള അധികാരം ഓരോ പൗരനുമുണ്ട്. ജയരാജന്‍ കോടതി നടപടികളെ ബഹുമാനിക്കേണ്ടതിനു പകരം കോടതിയെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാനും അവഹേളിക്കാനുമാണ് ജയരാജന്‍ ശ്രമിച്ചത്. കോടതിയുടെ അന്തസ്സ് ചോദ്യംചെയ്യുന്ന മട്ടിലുള്ള വിമര്‍ശനങ്ങള്‍ അംഗീകരിക്കാനാവില്ല. പ്രസംഗം കോടതിനടപടികളിന്മേലുള്ള കടന്നുകയറ്റമാണെന്നും തന്റെ വാദം അവതരിപ്പിക്കാനുള്ള അവസരം കിട്ടിയില്ലെന്ന പരാതി ഉന്നയിക്കേണ്ടത് പത്രമാധ്യമങ്ങളുടെ മുന്നിലല്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയംജയരാജന്‍ കുറ്റം നിഷേധിച്ചു. ജുഡീഷ്യറിയോട് ബഹുമാനമുള്ളതുകൊണ്ടാണ് സെപ്തംബര്‍ 30 ലെ ഹൈക്കോടതിവിധിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചതെന്നും താന്‍ കോടതിയലക്ഷ്യംനടത്തിയെന്നാരോപിക്കുന്ന സിഡികള്‍ കാണാന്‍ തന്നെ അനുവദിക്കാത്തത് മൗലികാവകാശലംഘനമാണെന്നും ജയരാജന്‍ ആരോപിച്ചു.

മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായ വ്യക്തിയാണ് താനെന്നും പോരാട്ടം തുടരുമെന്നും ജയരാജന്‍ വ്യക്തമാക്കി.