കൊച്ചി: വിളപ്പില്‍ശാലയിലേക്കു മാലിന്യം നീക്കം ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ പോലീസ് നിഷ്‌ക്രിയമെന്ന് ഹൈക്കോടതി. വിളപ്പില്‍ശാലയിലെ പോലീസ് ഇടപെടല്‍ കാര്യക്ഷമമായില്ലെന്നും കോടതി കുറ്റപ്പെടുത്തി. മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാരിനെയും സി.ആര്‍.പി.എഫിനെയും കക്ഷി ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഉത്തരവ് നടപ്പാക്കേണ്ടത് എങ്ങിനെയെന്ന് കോടതിക്ക് അറിയാം. ഇങ്ങനെയാണെങ്കില്‍ വിളപ്പില്‍ശാലയിലേക്ക് കേന്ദ്രസേനയുടെ സഹായം തേടേണ്ടിവരുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

വിളപ്പില്‍ശാലയിലേക്കുള്ള മാലിന്യം തടയാനായി റോഡില്‍ കുത്തിയിരുന്നവരെ പോലീസ് നീക്കം ചെയ്തില്ലെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെ പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. സമരക്കാര്‍ മസില്‍ പവര്‍ ഉപയോഗിച്ച് മാലിന്യ നീക്കം തടയുകയായിരുന്നുവെന്നും കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതി കേന്ദ്രസേനയുടെ സാധ്യത ആരാഞ്ഞത്.

ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വിളപ്പില്‍ശാലയിലേക്ക് മാലിന്യം തള്ളാനുള്ള നഗരസഭയുടെ നീക്കം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചെങ്കിലും സമരസമിതിയും നാട്ടുകാരും ചേര്‍ന്ന് ചെറുത്തുനില്‍ക്കുകയായിരുന്നു. മാലിന്യവുമായി വിളപ്പില്‍ശാലയിലെത്തിയ ലോറികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോവുകയായിരുന്നു.

എന്നാല്‍ കേന്ദ്ര സേന വന്നാലും മാലിന്യനീക്കം തടയുമെന്നും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് എസ്.ശോഭനകുമാരി പറഞ്ഞു.

Malayalam news

Kerala news in English