എഡിറ്റര്‍
എഡിറ്റര്‍
‘പ്രതീക്ഷയോടെ ശ്രീ’; വിലക്കിനെതിരായ ശ്രീശാന്തിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
എഡിറ്റര്‍
Friday 3rd March 2017 2:16pm


കൊച്ചി: ക്രിക്കറ്റില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടിക്കെതിരെ ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും ബി.സി.സി.ഐക്കും കത്തയക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.


Also read അന്നു രാവിലെ പരിശീലനത്തിനിടയില്‍ സംഭവിച്ചത് ഇതായിരുന്നു; വിരമിക്കലിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കി സച്ചിന്‍


ഐ.പി.എല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്നാണ് ശ്രീശാന്തിനെതിരെ ബി.സി.സി.ഐ നടപടി സ്വീകരിച്ചിരുന്നത്. കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട താരത്തിനെതിരെ ബി.സി.സി.ഐയുടെ അച്ചടക്കസമിതി നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2013 ഒക്ടോബറിലാണ് ആജീവനാനന്ത വിലക്കേര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ കേസില്‍ പാട്യാല അഡീഷണല്‍ സെഷന്‍സ് കോടതി മതിയായ തെളിവുകളില്ലെന്ന നിരീക്ഷണത്തെത്തുടര്‍ന്ന് താരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ താരത്തിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറാകാത്തതിനെത്തുടര്‍ന്ന്‌കോടതി വിധി അനുകൂലമായിട്ടും ശ്രീശാന്തിന് ഇതുവരെ ക്രിക്കറ്റിലേക്ക് മടങ്ങി വരാന്‍ കഴിഞ്ഞിരുന്നില്ല.

പൊലീസ് അന്വേഷിച്ച് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബി.സി.സി.ഐ തനിക്കെതിരെ നടപടിയെടുത്തതെന്നും പൊലീസിന്റെ കണ്ടെത്തലുകള്‍ കോടതി തള്ളിയ സാഹചര്യത്തില്‍ സമിതിയുടെ വിലക്ക് നിയമവിരുദ്ധവുമാണെന്നാണ് ശ്രീശാന്ത് ഹര്‍ജിയില്‍ പറയുന്നത്. വിലക്ക് നീക്കാന്‍ രണ്ട് തവണ ബി.സി.സി.ഐയെ സമീപിച്ചിട്ടും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് വിലക്ക് നീക്കാന്‍ കോടതിയുടെ സഹായം തേടുന്നതെന്നും താരം പറഞ്ഞിരുന്നു.

ശ്രീശാന്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ബി.സി.സി.ഐക്കും കേന്ദ്രസര്‍ക്കാരിനും വിഷയത്തില്‍ നോട്ടീസയക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Advertisement