കൊച്ചി: ആലപ്പുഴയിലെ കസ്റ്റഡി പീഡനക്കേസുമായി ബന്ധപ്പെട്ട് ഐജി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തച്ചങ്കരി പ്രതിയായ കേസിന്റെ നടപടികള്‍ വൈകിപ്പിക്കുന്നതിന് പ്രതികള്‍ ബോധപൂര്‍വം ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ 6 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ആലപ്പുഴ പുന്നപ്ര സ്വദേശിയായ പ്രകാശനാണ് തച്ചങ്കരിക്കെതിരേ പരാതി നല്‍കിയത്. അയല്‍വാസിയായ സ്ത്രീ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആലപ്പുഴ എ.എസ്.പി ആയിരുന്ന തച്ചങ്കരി പ്രകാശനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രകാശന് സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രകാശന്‍ തച്ചങ്കരിക്കെതിരേ കോടതിയെ സമീപിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രോസിക്യഷന്‍ അനുമതിയില്ലാതെയാണ് വിചാരണ നടപടിയിലേക്ക് കടന്നതെന്ന് ആരോപിച്ചായിരുന്നു പ്രതികളിലൊരാള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസിന്റെ പലഘട്ടങ്ങളിലും വിചാരണ തടസപ്പെടുത്താനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു.