കൊച്ചി: രണ്ട് രൂപക്ക് അരി വിതരണം ചെയ്യുന്ന സര്‍ക്കാര്‍ പദ്ധതി തടഞ്ഞതിന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ക്ക് രണ്ട് രൂപയ്ക്ക് അരി ലഭ്യമാക്കുന്ന പദ്ധതി തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്ന് കോടതി ചോദിച്ചു. വിശദീകരണം വെള്ളിയാഴ്ചയ്ക്കകം  നല്‍കാനാണ് കോടതി നിര്‍ദേശം.

പാവങ്ങള്‍ക്ക് അരി നല്‍കുന്ന പദ്ധതി എന്തിന് തടഞ്ഞു എന്ന് വ്യക്തമാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പദ്ധതി തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് കരുതുന്നില്ലെന്നും നടപടി സംശയകരമാണെന്നും കോടതി വ്യക്തമാക്കി.

പദ്ധതി തടഞ്ഞതിനെതിരെ ഒല്ലൂര്‍ എം.എല്‍.എ രാജാജി മാത്യു തോമസ് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിശോധിക്കവെയാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. പദ്ധതി തിരഞ്ഞെടുപ്പ് പെരുമാറ്റലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്നാല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പാണ് പദ്ധതി സംബന്ധിച്ച പ്രഖ്യാപനം നടത്തിയതെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനത്ത് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ രണ്ട് രൂപക്ക് അരി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. പ്രഖ്യാപനമനുസരിച്ചുള്ള അരിവിതരണം നിര്‍ത്തിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് പ്രചാരണം നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ഒല്ലൂര്‍ എം.എല്‍.എ കോടതിയെ സമീപിച്ചത്.