ന്യൂദല്‍ഹി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഐ ജി ലക്ഷ്മണയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. കേസില്‍ മുന്‍ ഐജി ലക്ഷ്മണയ്ക്ക് പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച നടപടിയാണ് ഹൈക്കോടതി ശരിവെച്ചത്.

വര്‍ഗീസിന്റെ വധത്തില്‍ ഐ.ജി ലക്ഷ്മണയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ പ്രത്യേകകോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവുവിധിക്കുകയും മൂന്നാംപ്രതിയായ പി.വിജയനെ വെറുതെവിടുകയും ചെയ്തിരുന്നു. എന്നാല്‍ വിചാരണയില്‍ അപാകതയുണ്ടെന്ന് കാണിച്ച് ലക്ഷമണ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹരജി പരിഗണിച്ച ഹൈക്കോടതി പ്രത്യേക കോടതിവിധി ശരിവച്ചു. തെളിവുകളുടെ അഭാവത്തില്‍ മുന്‍ ഡി.ജി.പി പി വിജയനെ കോടതി വിട്ടയച്ചിരുന്നു. കോണ്‍സ്റ്റബിളായ പി രാമചന്ദ്രന്‍ ഒന്നാംപ്രതിയും ലക്ഷ്മണ രണ്ടാംപ്രതിയുമായിരുന്നു. രാമചന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് ലക്ഷ്മണ ഒന്നാം പ്രതിയാവുകയായിരുന്നു.

നക്‌സല്‍ വര്‍ഗീസ് കൊലപാതകം
ജന്മിമാര്‍ കര്‍ഷക തൊഴിലാളികളെയും അടിയാളരെയും അടിയാള ചൂഷണം ചെയ്തിരുന്നു അറുപതുകളിലാണ് വയനാട്ടില്‍ നക്‌സല്‍ പോരാട്ടങ്ങള്‍ ശക്തമായത്. പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരി ഗ്രാമത്തില്‍ തുടക്കം കുറിച്ച പ്രസ്ഥാനത്തിന് വയനാട്ടില്‍ ശക്തമായ വേരുകളുണ്ടായി. വസന്തത്തിന്റെ ഇടിമുഴക്കമായി വര്‍ഗീസ് ജന്മികള്‍ക്കെതിരെയും ഭരണകൂടത്തിനെതിരെയും സായുധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ജന്മിമാരുടെ കാടത്ത മനോഭാവത്തിനെതിരെ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൂമ്പാരക്കൊല്ലിയിലും കൂമന്‍കൊല്ലിയിലും രഹസ്യയോഗങ്ങള്‍ ചേര്‍ന്നു. അജിതയും തേറ്റമല കൃഷ്ണന്‍കുട്ടിയും ഗ്രോ വാസുവും കിസാന്‍ തൊമ്മനുമെല്ലാം എത്തിയതോടെ നക്‌സല്‍ഭീകരതയുടെ നിഴലിലേക്ക് വയനാടും വഴിപ്പെടുകയായിരുന്നു.

വര്‍ഗീസിനെത്തേടി രാപകലില്ലാതെ പോലീസുകാര്‍ കോളനികള്‍ കയറിയിറങ്ങി. ചെറുത്തുനില്‍പ്പ് ശക്തമായതോടെ കൂടുതല്‍ പോലീസ് വയനാട്ടില്‍ ക്യാമ്പ് ചെയ്തു. കിസാന്‍ തൊമ്മന്റെ മരണവും തേറ്റമലയുടെയും അജിതയുടെയും അറസ്റ്റും വര്‍ഗീസിന്റെ പോരാട്ടങ്ങള്‍ക്ക് മങ്ങലേല്‍പിച്ചു. ഒടുവില്‍ ഒരു ആദിവാസിക്കുടിലില്‍നിന്നും വര്‍ഗീസിനെ പോലീസ് വലയിലാക്കി.

നക്‌സല്‍ വര്‍ഗീസ് പോലീസുമായി ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചു. മാനന്തവാടിയിലെ പോലീസ് സ്‌റ്റേഷന്‍പരിസരത്ത് പ്രദര്‍ശിപ്പിച്ചിരുന്ന വര്‍ഗീസിന്റെ മൃതദേഹം കാണാന്‍ ആളുകള്‍ തടിച്ചുകൂടി.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലോടെയാണ് വര്‍ഗീസ് വധം വീണ്ടും വാര്‍ത്തയാകുന്നത്. 1999ല്‍ സി.ബി.ഐ. ഏറ്റെടുത്ത കേസില്‍ 71 സാക്ഷികളെ ഇതിനകം വിസ്തരിച്ചു. വര്‍ഗീസിന്റെ സഹോദരനായ തോമസ് ഒന്നാംസാക്ഷിയും ജോസഫ് രണ്ടാം സാക്ഷിയുമായിരുന്നു.