ന്യൂദല്‍ഹി: മൂന്നു തവണയിലധികം മത്സരിച്ചവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇത്തവണ പരിഗണിക്കേണ്ടതില്ലെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. ഈ നിബന്ധനയില്‍ ചെറിയ ഇളവും ഹൈക്കമാന്‍ഡ് നല്‍കുന്നുണ്ട്. മണ്ഡലം നിലനിര്‍ത്താനോ തിരിച്ചു പിടിക്കാനോ ആവശ്യമെങ്കില്‍ മൂന്നിലേറെ തവണ മത്സരിപ്പിക്കാം.

കൂടുതല്‍ പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കണമെന്നും എ.ഐ.സി.സി കെ.പി.സി.സി.യോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു ഹൈക്കമാന്‍ഡിന്റെ പ്രത്യേക അനുമതി വേണം. 12ന് ചേരുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകണം സ്ഥാനാര്‍ത്ഥികളെ പരിഗണിക്കേണ്ടതെന്നും ആവശ്യപ്പെട്ടു.

എന്‍.എസ്.യു,യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ പോഷക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ഈ സംഘടനകളില്‍ നിന്നു കോണ്‍ഗ്രസിലെത്തിയവര്‍ക്കും അവസരം നല്‍കാന്‍ ശ്രമിക്കണമെന്ന നിര്‍ദ്ദേശവും ഹൈക്കമാന്‍ഡ് മുന്നോട്ടു വച്ചിട്ടുണ്ട്.