എഡിറ്റര്‍
എഡിറ്റര്‍
അതിവേഗ റെയില്‍വേ: വേണ്ടത് 20 മീറ്റര്‍ സ്ഥലം മാത്രമെന്ന് ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Wednesday 26th September 2012 8:50am

തിരുവന്തപുരം: അതിവേഗ റെയില്‍വേയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തി പ്രക്ഷോഭം ഉണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ജനങ്ങളുടെ ആശങ്കയകറ്റിയും ബുദ്ധിമുട്ട് കുറച്ചും മാത്രമേ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിവേഗ റെയിലിന് 20 മീറ്റര്‍ സ്ഥലമേ ആവശ്യമുള്ളൂ. 110 മീറ്റര്‍ വേണമെന്ന ആവശ്യം അടിസ്ഥാന രഹിതമാണ്. ഈ രീതിയിലുള്ള പ്രചരണം നടത്തി ജനങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്.

Ads By Google

ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ ടണലിലൂടെയും ബാക്കി സ്ഥലങ്ങളില്‍ തൂണിലൂടെയും ജലാശയങ്ങളില്‍ പാലത്തിലൂടെയുമാണ് പാത പോകുന്നത്. ഇത് മൂലം ഒഴിപ്പിക്കല്‍ പരിമിതമായിരിക്കും. സ്റ്റേഷന്‍ നിര്‍മിക്കുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും സ്ഥലമെടുപ്പ് വേണ്ടത്. ഇതിനായി ജനവാസം കുറഞ്ഞ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നത്.

ഡി.എം.ആര്‍.സി  (ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍)ഇപ്പോള്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ്. ഇതിനായുള്ള പ്രാഥമിക സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നത്. അലൈന്‍മെന്റിന് മുമ്പ് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും. എല്ലാ പരാതികളും പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഡി.എം.ആര്‍.സി തയ്യാറാക്കിയ ഫിസിബിലിറ്റി റിപ്പോര്‍ട്ട് പ്രകാരം പദ്ധതിയുടെ ആദ്യഘട്ടമായ തിരുവനന്തപുരം-എറണാകുളം റൂട്ടിന് 256 ഹെക്ടര്‍ ഭൂമി വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത വികസനങ്ങള്‍ കൊണ്ടുവരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement