എഡിറ്റര്‍
എഡിറ്റര്‍
കപ്പല്‍ വിട്ടു കൊടുക്കുന്നത് ഡിവിഷന്‍ ബെഞ്ച് തടഞ്ഞു; കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വിമര്‍ശനം
എഡിറ്റര്‍
Friday 30th March 2012 6:50pm

കൊച്ചി: രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികനും സുരക്ഷാ ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന കപ്പല്‍ എന്റിക ലെക്‌സി ഉപാധികളോടെ വിട്ടു കൊടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഉപാധികളോടെ കപ്പല്‍ വിട്ട് കൊടുക്കാമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ അതൃപ്തി രേഖപ്പെടുത്തിയ ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിക്കുകയും ചെയ്തു.

വെടിവെപ്പില്‍ മരിച്ച ജെലസ്റ്റിന്‍, അജീഷ് പിങ്കു എന്നിവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ചാണ് എന്റിക ലെക്‌സി തീരം വിട്ടു പോകുന്നത് തടഞ്ഞത്. കേസ് സംബന്ധിച്ച് കപ്പല്‍ തിരിച്ചുവിളിക്കുക എന്നത് പ്രായോഗികമല്ലാത്തതു കൊണ്ട് കേസ് വീണ്ടും പരിഗണിക്കുന്നത് വരെ കപ്പല്‍ കൊച്ചി വിട്ടു പൊകരുതെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കപ്പല്‍ വിട്ട് കൊടുക്കാനുള്ള വിധിക്കെതിരെ എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ലെന്നും കപ്പല്‍ വിട്ടു കൊടുക്കാനുള്ള നടപടിയില്‍ ഇരു സര്‍ക്കാരുകളും തൃപ്തരാണോയെന്നും കോടതി ആരാഞ്ഞു.

മൂന്നു കോടി രൂപ കൊച്ചി തുറമുഖ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ മുന്‍പാകെ കെട്ടിവെച്ച് കപ്പലും ക്യാപ്റ്റനുമടക്കം ജീവനക്കാരേയും ഹാജരാക്കാമെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കപ്പല്‍ വിട്ടുകൊടുക്കാമെന്ന് കഴിഞ്ഞ ദിവസമാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. കപ്പല്‍ പോലീസ് കസ്റ്റഡിയില്‍ തുടരുന്നത് തങ്ങള്‍ക്ക് വന്‍നഷ്ടമുണ്ടാക്കുന്നുവെന്ന് കാണിച്ച് കപ്പല്‍ ഉടമസ്ഥര്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ കപ്പല്‍ വിട്ട് കൊടുക്കരുതെന്ന സംസഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. എന്നാല്‍, കപ്പല്‍ വിട്ട് കൊടുക്കാമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരും മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റും സ്വീകരിച്ചിരുന്നത്.

Malayalam News

Kerala News in English

Advertisement