കൊച്ചി: ജയില്‍ നിയമങ്ങളിലും തടവുകാരുടെ ശിക്ഷാകാലയളവിലും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് കേരള ഹൈക്കോടതി. കേരളത്തിലെ ജയിലില്‍ കഴിയുന്നവരുടെ പരോള്‍ കാലാവധിയിന്‍മേല്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ നടപടി പുനപരിശോധിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

തടവുകാരുടെ പരോള്‍ അപേക്ഷകളില്‍ പൊലീസും ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാരും കൃത്യസമയത്ത് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ട് നല്‍കാന്‍ വൈകിപ്പിക്കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് കോടതി പറഞ്ഞത്.

ഇന്ത്യന്‍ ഭരണഘടന ജീവിക്കാനുള്ള അവകാശം എല്ലാ പൗരന്‍മാര്‍ക്കും നല്‍കുന്നു. ഇത്തരത്തില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് തടവുകാര്‍ക്കുനേരേ സര്‍ക്കാര്‍ കാണിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പരോള്‍ കാലാവധി നല്‍കണമെന്നത് ജയില്‍ ചട്ടങ്ങളുടെ ഭാഗമാണ്. കേരളത്തിലെ ജയിലുകളില്‍ ദീര്‍ഘകാലങ്ങളായി തടവ് അനുഭവിക്കുന്നവര്‍ ഉണ്ടെന്നും കോടതി പറഞ്ഞു. ഇത്തരക്കാരെ പുറം ലോകത്തെത്തിക്കാനും അവശ്യഘട്ടത്തില്‍ നിയമപരമായ പരോള്‍ അനുവദിക്കാനും കഴിയുന്ന തരത്തില്‍ ജയില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും കോടതി നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.