കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് ഹൈക്കോടതി. കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന വി.എസിന്റെ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

ഹരജിയില്‍ വി.എസ് ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും വെറും ആശങ്കകള്‍ മാത്രമാണെന്നും കോടതി വിലയിരുത്തി. വി.എസിന്റെ ഹരജിയില്‍ പൊതുവായ ആക്ഷേപങ്ങള്‍ മാത്രമേയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 85 സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അറുപതോളം രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് വി.എസിന്റെ ഹരജിയില്‍ അന്തിമതീരുമാനം എടുക്കുന്നത് ഡിസംബര്‍ 22 ലേക്ക് മാറ്റി.

കഴിഞ്ഞ എല്‍.ഡി.എഫ് ഭരണ കാലത്താണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. എന്നാല്‍ ഭരണം മാറിയ സാഹചര്യത്തില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് വി.എസ് ഹരജി നല്‍കിയിരുന്നത്. അഡ്വ. അനില്‍കുമാര്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.

കെ.എ റഊഫിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടുകൂടിയാണ് ഐസ്‌ക്രീം കേസ് വീണ്ടും വിവാദമായത്. റഊഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ 30.01.2011നാണ് കോഴിക്കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പി.കെ കുഞ്ഞാലിക്കുട്ടിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കേസ് അന്വേഷണത്തിനായി ഐ.ജി വിന്‍സന്റ് എം.പോളിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിശ്ചയിക്കുകയും ചെയ്തു. റഊഫിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് കണ്‍ട്രോള്‍ റൂം ഡി.വൈ.എസ്.പി ജെയ്‌സണ്‍ കെ എബ്രഹാമും റജീനയുടെ മൊഴിമാറ്റിയ കേസ് െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി എ വേണുഗോപാലുമായിരുന്നു അന്വേഷിച്ചിരുന്നത്.

അന്വേഷണം പ്രത്യേക ഘട്ടത്തിലെത്തിയപ്പോഴാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതും സര്‍ക്കാര്‍ മാറുന്നതും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ഒന്നൊന്നായി സ്ഥലം മാറ്റുകയായിരുന്നു. കേസ് അന്വേഷണം ഏഴ് മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് ഹരജിയില്‍ വി.എസ് അച്ച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടിയിരുന്നു.