Categories

സ്വാശ്രയ മെഡിക്കല്‍ ഫീസ്: സര്‍ക്കാരിന്റെ പരിധിയിലല്ലെന്ന് എജി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയം സര്‍ക്കാരിന്റെ പരിധിയിലല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചു. സ്വാശ്രയ ഫീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് റഗുലേറ്ററി കമ്മിറ്റിയാണെന്നും സര്‍ക്കാര്‍ ഈ കേസില്‍ അവശ്യകക്ഷിയല്ലെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട് മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും ദണ്ഡപാണി കോടതിയെ അറിയിച്ചിട്ടുണ്ട്.

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പി.എ.മുഹമ്മദ് കമ്മിറ്റി നല്‍കിയ അപ്പീലിന്‍മേല്‍ സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ സ്വാശ്രയ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മക നടപടികളെടുക്കുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടികളുണ്ടാവണം. കോളജുകളിലെ പ്രവേശന ഫീസ് നടപടികളില്‍ സര്‍ക്കാറിന് ഒരു വ്യക്തതയുമില്ല. ഇക്കാര്യത്തില്‍ ഇന്ന് 1.30ന് മുമ്പ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ജെ.ചലമേശ്വര്‍, ആന്റണി ഡൊമിനിക് എന്നിവര്‍ ആവശ്യപ്പെട്ടു.

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാറിന് കോടതിക്ക് മുമ്പാതെ വ്യക്തമായ നിലപാട് അറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് തന്നെ നിലപാട് അറിയിക്കാന്‍ കോടതി ഉത്തരവിട്ടത്.

സ്വാശ്രയ പ്രവേശനം സംബന്ധിച്ച് ഹൈക്കോടതിയിലുള്ള നിരവധി ഹരജികള്‍ പരിഗണിക്കവെയാണ് കോടതി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചത്.
മുഹമ്മദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.