കൊച്ചി: ജമാ അത്തെ ഇസ്ളാമിയുടെ പ്രസിദ്ധീകരണങ്ങള്‍  രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടോയെന്ന് നിരീക്ഷിച്ച് വരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആഭ്യന്തര സെക്രട്ടറി കെ. ജയകുമാര്‍ ഇന്ന് രാവിലെ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. വെള്ളിയാഴ്ചയാണ് വിഷയത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

ജമാ അത്തെ ഇസ്ളാമിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്‍റെലിജന്‍സ് എഡിജിപി സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികളുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറായത്.

ജമാഅത്തെഇസ്ളാമിയെ നിരോധിക്കണമെന്നും സംഘടനയുടെ സാമ്പത്തിക സ്രോതസും വിദേശ ബന്ധവും അന്വേഷണ വിധേയമാക്കണമെന്നുമുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ഒരു വര്‍ഷം മുന്‍പാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും അതുണ്ടായിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച ഹൈക്കോടതി സര്‍ക്കാരിന് കര്‍ശനമായ താക്കീത് നല്‍കിയിരിക്കുന്നത്.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇന്ന് ആഭ്യന്തര സെക്രട്ടറി നേരിട്ട് കോടതിയിലെത്തിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന അലംഭാവത്തെ കോടതി വിമര്‍ശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ജെ. ചലമേശ്വര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.