കൊച്ചി: നിസാര്‍ കമ്മീഷനെ പിരിച്ചു വിട്ട നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ നോട്ടീസ്. കാലാവധി നീട്ടിക്കൊടുത്തതിന് ശേഷം നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത് ചോദ്യം ചെയ്ത് ലോയേഴ്‌സ് യൂണിയന്‍ സെക്രട്ടറി നാരായണന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതിയുടെ ഈ നടപടി.

കാലാവധി നീട്ടിക്കൊടുത്തതിന് ശേഷം നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടതെന്തിനാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി ചോദിച്ചു. നിസാര്‍ കമ്മീഷനും നോട്ടീസയക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

നേരത്തെ സര്‍ക്കാര്‍ കമ്മീഷന് ആറ് മാസത്തെ കാലാവധി നീട്ടിക്കൊടുത്തിരുന്നു. എന്നാല്‍ പിന്നീട് ഈ കാലാവധി തീരും മുമ്പ് കമ്മീഷനെ പിരിച്ചുവിടുകയും ചെയ്തു. സര്‍ക്കാര്‍ നീട്ടിക്കൊടുത്ത ആറ് മാസത്തിനിടെയാണ് കേസിലെ പ്രധാനപ്പെട്ട മൂന്ന് സത്യവാങ്മൂലങ്ങള്‍ രേഖപ്പെടുത്തപ്പെട്ടതെന്ന് ഹര്‍ജിയില്‍ പറയുന്നു.