എഡിറ്റര്‍
എഡിറ്റര്‍
മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ആര് വരും?; പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
എഡിറ്റര്‍
Thursday 6th July 2017 3:17pm

കൊച്ചി: മൂന്നാര്‍ കേസില്‍ പിണറായി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ആരു വരുമെന്നായിരുന്നു കോടതിയുടെ ചോദ്യം. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് മുദ്രവാക്യം സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം.

മൂന്നാറിലെ ലൗഡെയന്‍ കേസുമായി ബന്ധപ്പെട്ട വിധിയിലായിരുന്നു സര്‍ക്കാരിനെതിരെ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചത്. ലൗഡെയ്ന്‍ റിസോര്‍ട്ടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള റിസോര്‍ട്ട് ഉടമ വി.വി ജോര്‍ജിന്റെ ഹര്‍ജിയിന്‍ മേല്‍ വിധി പറയുകയായിരുന്നു. ഇയാളുടെ ഹര്‍ജി കോടതി തള്ളി.

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും നിരവധി വിധികള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ക്ക് യാതൊരു മാറ്റവുമില്ലെന്നും അതില്‍ കോടതിയ്ക്ക് അതിയായ വേദനയുണ്ടെന്നും കോടതി വ്യക്തമാക്കി.


Also Read: ഇസ്രഈലില്‍ മോദിയുടെ ചിത്രം വരയ്ക്കുന്ന തെരുവുബാലകന്‍: സംഘികളുടെ ‘തള്ള്’ പൊളിഞ്ഞത് ഇങ്ങനെ


ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ലൗ ഡെയ്ല്‍ റിസോര്‍ട്ട് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കുകയും എല്ലാത്തിനുമൊടുവില്‍ ശ്രീറാമിനെ സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കിയതിന് പിന്നാലെയാണ് കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

രാഷ്ട്രീയ ഇച്ഛാശക്തിയും, ആര്‍ജ്ജവവുമാണ് നിയമം നടപ്പാക്കാന്‍ വേണ്ടത്. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ ഇതും പ്രതീക്ഷിക്കുന്നുണ്ട്. ലൗഡെയ്ല്‍ റിസോര്‍ട്ട് വില്ലേജ് ഓഫീസ് ആക്കാനുള്ള ദേവികളും സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടാരാമന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി റിസോര്‍ട്ട് പൊതു താല്‍പര്യത്തിന് ഉപയോഗിക്കാന്‍ കോടതിക്ക് നിര്‍ദേശിക്കാന്‍ അധികാരമുണ്ട്. എന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. അങ്ങനെ ചെയ്തില്ലെങ്കില്‍ അത് ജനവിരുദ്ധമാവുമെന്നും കോടതി പറഞ്ഞു.

Advertisement