എഡിറ്റര്‍
എഡിറ്റര്‍
ഐസ്‌ക്രീം കേസ്: സര്‍ക്കാര്‍ എന്തിന് തടസ്സം നില്‍ക്കുന്നെന്ന് ഹൈക്കോടതി
എഡിറ്റര്‍
Tuesday 15th January 2013 11:40am

കൊച്ചി: ഐസ്‌ക്രീം അട്ടിമറിക്കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസിന്റെ രേഖകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നല്‍കുന്നതില്‍ സര്‍ക്കാര്‍ എന്തിന് തടസ്സം നില്‍ക്കുന്നുവെന്ന് ഹൈക്കോടതി ആരാഞ്ഞു.

Ads By Google

മൊഴിപ്പകര്‍പ്പുകളും മറ്റ് രേഖകളും വി.എസിന് കൈമാറുന്നതിനെ കേസിലെ പ്രതികളാണ് എതിര്‍ക്കുന്നതെങ്കില്‍ മനസിലാക്കാം. എന്നാല്‍, നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട സര്‍ക്കാര്‍ കോടതിയുടെ ഉത്തരവിനെ എതിര്‍ക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല.

കേസില്‍ സര്‍ക്കാര്‍ കക്ഷിയല്ലല്ലോ, രേഖകള്‍ വി.എസിന് നല്‍കുന്നതില്‍ സര്‍ക്കാര്‍ എന്തിന് പ്രത്യേക താത്പര്യമെടുക്കുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് വി.കെ മോഹനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്നത് ഈ മാസം 22 ലേക്ക് മാറ്റി.

ഐസ്‌ക്രീം കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വി.എസ് അച്യുതാനന്ദന് നല്‍കരുതെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുന്നതിലല്ല, സാക്ഷിമൊഴികളുടെ പകര്‍പ്പ് നല്‍കുന്നതിലാണ് സര്‍ക്കാറിന് എതിര്‍പ്പെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സാക്ഷിമൊഴികളുടെ പകര്‍പ്പ് നല്‍കുന്നത് പിന്നീട് ഒരു കീഴ്‌വഴക്കമാകുമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സാക്ഷിമൊഴികള്‍ വി.എസിന് നല്‍കാമെന്ന് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി  ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാത്രമാണ് വി.എസിന് നേരത്തെ നല്‍കിയിരുന്നത്. സാക്ഷിമൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് വി.എസ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.

കേസിന്റെ വിശദാംശങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന ആളെന്ന നിലയിലും കേസ് നടക്കുമ്പോള്‍ ഭരണത്തിലിരുന്ന മുഖ്യമന്ത്രിയെന്ന നിലയിലും അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാന്‍ വി.എസ് അര്‍ഹനാണെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.

Advertisement