കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയതിന് മുന്‍ സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശിച്ചു. അതിന്റെ ചെലവ് ആരു വഹിക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ വെള്ളിയാഴ്ച വിശദീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

എജിയും നൂറോളം അഭിഭാഷകരും സംസ്ഥാനത്ത് ഉള്ളപ്പോള്‍ കേസുകള്‍ വാദിക്കാന്‍ പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്യുന്നതാണു വി.എസിന്റെ നടപടിയെന്ന് ആരോപിച്ച് കൊളക്കൊട് മൂസ ഹാജി നല്‍കിയ ഹര്‍ജിയിലാണു കോടതി നിരീക്ഷണം. സുപ്രീംകോടതി അഭിഭാഷകര്‍ 16 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും സംസ്ഥാന ഖജനാവില്‍ നിന്ന് ഇത്രയും തുക നല്‍കുന്നത് ശരിയല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു

സംസ്ഥാന ഖജനാവില്‍ നിന്ന് ഇത്രയധികം തുക നല്‍കുന്നത് ഖജനാവ് കൊള്ളയടിക്കുന്നതിനു തുല്യമാണെന്നു കോടതി നിരീക്ഷിച്ചു. നിലവില്‍ ഹൈക്കോടതിയില്‍ ഒരു നിയമസംവിധാനം നിലനില്‍ക്കെ പുറത്തു നിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നത് തെറ്റായ പ്രവണതയാണ്. എജിയെ സര്‍ക്കാര്‍ തന്നെ അവിശ്വസിക്കുന്നത് മോശം പ്രതിച്ഛായ വളര്‍ത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.