എഡിറ്റര്‍
എഡിറ്റര്‍
കള്ള് കച്ചവടം നിര്‍ത്തേണ്ട കാലം കഴിഞ്ഞു: ഹൈക്കോടതി
എഡിറ്റര്‍
Thursday 20th September 2012 3:25pm

കൊച്ചി: കേരളത്തില്‍ കള്ളുകച്ചവടം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞുവെന്ന് ഹൈക്കോടതി. കള്ളുവില്‍പ്പന നിര്‍ത്തിയാല്‍ വ്യാജമദ്യവും ചാരായവും ഒഴുകുന്നത് തടയാന്‍ കഴിയുമെന്നും കോടതി വിലയിരുത്തി.

അബ്കാരി കേസുകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് അബ്കാരികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ സി.എന്‍ രാമചന്ദ്രന്‍, വി.പി റേ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്.

കള്ളില്‍ വ്യാജന്‍മാര്‍ പെരുകുന്നതായി കോടതി ചൂണ്ടിക്കാട്ടി. എമേര്‍ജിങ് ചെയ്യുന്ന കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യവില്‍പന നടക്കുന്നത് ഭൂഷണമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

Ads By Google

വീര്യം കുറഞ്ഞ മദ്യമായി ബീവറേജസ് കോര്‍പ്പറേഷനിലൂടെ ബിയര്‍ വില്‍ക്കുന്നുണ്ടെന്നും പിന്നെന്തിനാണ് കള്ളുവില്‍പന പ്രോത്സാഹിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

വ്യാജമദ്യത്തിന്റെ പ്രധാന സ്രോതസ്‌ കള്ളുകച്ചവടമാണ്. അതിന്റെ വില്‍പ്പന നിര്‍ത്തിയാല്‍ തന്നെ ഒരു പരിധി വരെ ഇത് അവസാനിപ്പിക്കാന്‍ കഴിയും. കള്ളുകച്ചവടത്തിന്റെ മറവില്‍ ചാരായവും വ്യാജമദ്യവും ഒഴുകുകയാണ്.

എന്നാല്‍ ഇത് സര്‍ക്കാരിന്റെ നയപരമായ കാര്യമായതിനാല്‍ തന്നെ ഇടപെടുന്നതിന് കോടതിയ്ക്ക് പരിധിയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരാണ്.

അടുത്ത സാമ്പത്തിക വര്‍ഷത്തെ നയം പ്രഖ്യാപിക്കുമ്പോഴെങ്കിലും കോടതിയുടെ അഭിപ്രായം സര്‍ക്കാര്‍ പരിഗണിക്കണം. എമേര്‍ജിങ് കേരളത്തിന് കള്ളുകച്ചവടം ഭൂഷണമല്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.

Advertisement