കൊച്ചി: വിജിലന്‍സ് ഡയരക്ടര്‍ക്കെതിരെയായ പരാമര്‍ശത്തില്‍ ഹൈക്കോടതിയുടെ വിശദീകരണം. വിജിലന്‍സ് ഡയരക്ടറെ മാറ്റണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും വിജിലന്‍സിനെ നിയന്ത്രിക്കണം എന്നാണ് പറഞ്ഞതെന്നും കോടതി വിശദീകരിച്ചു.

ഇതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് പുറത്തുവന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നത് എന്ന് അന്വേഷിക്കണം. വിജിലന്‍സ് ഡയരക്ടര്‍ക്കെതിരെ ഒരു പരാമര്‍ശവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിഷയത്തില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജേക്കബ് തോമസിനെ മാറ്റാന്‍ ഇടയാക്കിയത് ഹൈക്കോടതിയുടെ തുടര്‍ച്ചയായ ഇടപെടാലാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

തുടര്‍ച്ചായി ജസ്റ്റിസ് പി ഉബൈദ് വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജസ്റ്റിസിന്റെ ഇടപെടല്‍ ഭരണഘടനാ ലംഘനമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. തന്റെ മുന്നില്‍ വന്ന കേസുകള്‍ പരിഗണിക്കുകയല്ലാതെ വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന പരാമര്‍ശം നടത്തുന്ന നടപടി അനുചിതമല്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

വിജിലന്‍സ് ഡയറക്ടറെ തല്‍സ്ഥാനത്തുനിന്ന് മാറ്റാത്തത് എന്തുകൊണ്ടെന്നും ഡയരക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ടുപോകുമെന്ന് ഹെക്കോടതി ചോദിച്ചതായിട്ടായിരുന്നു വാര്‍ത്തകള്‍. കൂടാതെ സംസ്ഥാനത്ത് വിജിലന്‍സ് അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കോടതി രാഷ്ട്രീയം കളിക്കാനുളള വേദിയല്ലെന്നും സര്‍ക്കാര്‍ മാറുന്നത് അനുസരിച്ച് വിജിലന്‍സിന്റെ നിലപാടും മാറുമോ എന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് പി ഉബൈദിന്റെ ബഞ്ചാണ് പരിഗണിക്കുന്നതെന്നും അതിന്റെ അടിസ്ഥാനത്തില്‍ കോടതി രൂക്ഷമായി വിമര്‍ശിച്ച ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി തുടരുന്നത് കേസ് പരിഗണിക്കുന്ന വേളയില്‍ തിരിച്ചടിയാകുമെന്ന് ഭയന്നാണ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഇടയാക്കിയെതെന്നായിരുന്നു അഡ്വ. എ ജയശങ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോപണം.