കൊച്ചി: ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പേര് പറഞ്ഞ് പോലീസ് അതിക്രമങ്ങളും മര്‍ദനവും പീഡനവും ന്യായീകരിക്കുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചു.

പോലീസ് അതിക്രമങ്ങള്‍ക്ക് പരിരക്ഷ നല്‍കിയാല്‍ നാട്ടില്‍ അരാജകത്വവും ഭീകരവാഴ്ചയുമായിരിക്കും ഫലമെന്ന് ഹൈക്കോടതി ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Ads By Google

പോലീസ് അതിക്രമങ്ങള്‍ സാധൂകരിച്ചാല്‍ നിയമവാഴ്ച പിന്‍നിരയിലേക്ക് തള്ളപ്പെടുമെന്നും അത് ഭീകരവാഴ്ചയിലേക്ക് നയിക്കുമെന്നും ജസ്റ്റിസ് വിനോദ്ചന്ദ്രന്‍ പറഞ്ഞു.

കണ്ണൂരിലെ രാമന്തളിയില്‍ അന്യായ ലോക്കപ്പ് മര്‍ദനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ നഷ്ടപരിഹാരം നല്‍കാനുള്ള കീഴ്‌ക്കോടതി വിധിയെയാണ് മുന്‍ ഡിവൈ.എസ്.പി. ഹക്കിം ബത്തേരിയും സബ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍ നമ്പ്യാരും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.

1991ല്‍ രാമന്തളിലെ ബന്ദ് ദിവസം പഞ്ചായത്ത് അംഗം ഒ.കെ. കുഞ്ഞികൃഷ്ണനേയും സി.പി.ഐ.എം. നേതാവ് ടി. ഗോവിന്ദനേയും അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കലില്‍ വെച്ചുവെന്നാണ് കേസ്.

ഇരുവര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ 25,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തലശ്ശേരി സബ്‌കോടതി ഉത്തരവിട്ടു. അതിനെതിരെ പോലീസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ അത് തള്ളിയ ഹൈക്കോടതി കീഴ്‌ക്കോടതി നടപടിയെ ശരിവെച്ചു.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായിട്ടായിരുന്നു പോലീസ് നടപടി എന്ന ഉദ്യോഗസ്ഥരുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.

ബന്ദും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടായാല്‍ സമാധാനത്തിന്റെ അന്തരീക്ഷമാണ് പോലീസ് സൃഷ്ടിക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.