കൊച്ചി: അന്യസംസ്ഥാനത്തു നിന്നും ജോലിക്കെത്തുന്ന പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. അന്യസംസ്ഥാനത്തു നിന്നു ജോലിക്കെത്തിയ മൂന്നു പെണ്‍കുട്ടികളെ മഹിളാമന്ദിരത്തില്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഒറീസ സ്വദേശി ജുനി മന്ദാംഗി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു കോടതി ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒറീസ, ആന്ധ്രപ്രദേശ് ഉള്‍പ്പെടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കു ജോലിക്കായി നിര്‍ധന പെണ്‍കുട്ടികളെ കടത്തുന്നുണ്ടെങ്കില്‍ അത് ഗൗരവപൂര്‍വം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് സി.ടി.രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിലോ ദരിദ്രാവസ്ഥയോ, രണ്ടായാലും മനുഷ്യാവകാശ പ്രശ്‌നമാണെന്നും കോടതി വ്യക്തമാക്കി. പൗരന്മാര്‍ക്ക് രാജ്യത്ത് എവിടെയും താമസിക്കാന്‍ വിലക്കില്ലെന്നിരിക്കെ അന്യസംസ്ഥാനത്തു നിന്നുള്ളവരുടെ അവസ്ഥ ഇവിടെ മോശമാകാന്‍ അനുവദിച്ചു കൂടാ. പ്രസ്താവനയല്ല, നടപടിയാണ് ഇക്കാര്യത്തില്‍ ആവശ്യമെന്നും കോടിത ചൂണ്ടിക്കാട്ടി.