കൊച്ചി: യുവതികളുടെ അക്രമത്തിനിരയായ യൂബര്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീഖ് കോടതിയെ സമീപിച്ചപ്പോഴാണ് അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവിട്ടത്.


Also Read: ദളിതനായതിനാലാണ് അര്‍ധരാത്രി പദവിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കിയത്; സോണിയാഗാന്ധിക്കെതിരെ അശോക് ചൗധരി


മര്‍ദ്ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന ഷെഫീഖിനെതിരെ സ്ത്രീകളില്‍ ഒരാള്‍ നല്‍കിയ പരാതി പ്രകാരമായിരുന്നു ജാമ്യമില്ലാ വകുപ്പ് ചുമത്തി മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടിയായിരുന്നു ഇവരുടെ പരാതി.

നേരത്തെ മര്‍ദ്ദനത്തിനിരയായ വ്യക്തിയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ പ്രകാരം കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഐ.ജി ഉത്തരവിട്ടിരുന്നു. കേസെടുക്കാനിടയായ സാഹചര്യം പരിശോധിക്കാനായിരുന്നു ഐ.ജിയുടെ നിര്‍ദ്ദേശം. ഷെഫീഖിനെ മര്‍ദ്ദിച്ചവരുടെ പേരില്‍ നിസാര വകുപ്പുകള്‍ ചുമത്തിയപ്പോള്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു.


Dont Miss: പൂര്‍ണ്ണ പരാജയമെന്ന് ബി.ജെ.പി നേതാക്കള്‍ പറയുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുകഴ്ത്തി അംബാനി


ഷെഫീഖിന്റെ അടിയന്തിര ഹര്‍ജി പരിഗണിച്ച കോടതി പൊലീസിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. ഏത് സാഹചര്യത്തിലാണ് കേസെടുത്തതെന്ന കാരണം വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ മരട് സബ് ഇന്‍സ്പെക്ടറോട് കോടതി ആവശ്യപ്പെട്ടു.

വൈറ്റില ജങ്ഷനില്‍വച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് കുമ്പളം സ്വദേശിയായ ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.