എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍ കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി; സി.ബി.ഐയും പ്രതി ഭാഗവും രേഖാമൂലം മറുപടി നല്‍കണം
എഡിറ്റര്‍
Friday 10th March 2017 5:48pm

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയോടും പ്രതിഭാഗത്തോടും ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. ഇരുഭാഗവും തങ്ങളുടെ ഉത്തരങ്ങള്‍ രേഖാമൂലം കോടതിയെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

അന്വേഷണത്തിനിടെ പ്രതി ചേര്‍ത്തവര്‍ക്കെതിരെ തെളിവ് വേണമെന്നാണ് പ്രധാനമായും ഹൈക്കോടതി ആവശ്യപ്പെട്ടത്. യഥാര്‍ത്ഥ കരാറിന്റെ ഭാഗമായവര്‍ ആരൊക്കെയാണ്, ക്യാന്‍സര്‍ സെന്ററിന് പണം നല്‍കേണ്ടത് കരാറിന്റെ ഭാഗമാണോ, കേസിലെ ഗൂഡാലോചയുടെ സ്വഭാവം വ്യക്തമാക്കണം എന്നിങ്ങനെയാണ് ഹൈക്കോടതിയുടെ മറ്റ് ചോദ്യങ്ങള്‍.

നേരത്തേ ലാവ്‌ലിന്‍ കേസില്‍ പിണറായിയെ വെറുതേ വിട്ടത് നിയമവിരുദ്ധമാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. തെളിവുകള്‍ പരിശോധിക്കാന്‍ വിചരണക്കോടതി തയ്യാറായിരുന്നില്ലെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ പറഞ്ഞു. പിണറായി ഉള്‍പ്പെടെ കേസില്‍ പ്രതിചേര്‍ത്തിരുന്നവരെ വിചാരണക്കോടതി വിട്ടയച്ചതിനെതിരെ സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് വിചാരണക്കോടതി നടപടിക്കെതിരെ വാദങ്ങള്‍ ഉന്നയിച്ചത്.

സി.ബി.ഐ അന്വേഷണം നടത്തിയ ലാവ്‌ലിന്‍ കേസില്‍ 2013 നവംബറിലാണ് പിണറായി ഉള്‍പ്പെടെയുള്ളവരെ സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നത്. കോടതി വിധിക്കെതിരെ മുന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും പുന:പരിശോധന ഹര്‍ജിയക്ക് സി.ബി.ഐയ്ക്ക് മാത്രമേ അധികാരമുള്ളൂ എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.


Also Read: ‘നീ എന്തുകൊണ്ട് കാലടക്കി വെച്ചില്ല? ‘ ബലാത്സംഗ ഇരയായ 19കാരിയോട് വിചാരണക്കിടെ ജഡ്ജി


പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കേ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിന് എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. 374.5 കോടിയുടെ കരാര്‍ വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വരുത്തിയെന്നാണ് കേസ്. തിരുവനന്തപുരം വിചാരണക്കോടതിയാണ് പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴുപ്രതികളെ കേസില്‍ കുറ്റവിമുക്തരാക്കിയിരുന്നത്.

Advertisement