മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയത് സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോയെന്ന് ഹൈക്കോടതി
Kerala
മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയത് സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോയെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2013, 3:45 pm

[]കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശന പരീക്ഷ റദ്ദാക്കിയ നടപടിയെ അനുകൂലിക്കുന്നുണ്ടോയെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി. മാനേജ്‌മെന്റുകളുടെ പ്രവേശന പരീക്ഷ ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയാണ് റദ്ദാക്കിയത്.

ഇതിനെതിരെ മാനേജ്‌മെന്റുകള്‍ ഫയല്‍ ചെയ്ത ഹരജി പരിഗണിക്കവേയാണ് കോടതി സര്‍ക്കാറിനോട് നിലപാട് ചോദിച്ചത്. പരീക്ഷ റദ്ദാക്കാന്‍ ജെയിംസ് കമ്മറ്റിക്ക് അധികാരമില്ലെന്നും കമ്മിറ്റി നിയോഗിച്ച നീരീക്ഷകരുടെ മേല്‍നോട്ടത്തിലാണ് പരീക്ഷ നടത്തിയതെന്നുമാണ് മാനേജ്മന്റുകളുടെ വാദം.[]

മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാറിനോടും ജെയിംസ് കമ്മിറ്റിയോടും എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടു. ഹരജി വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.

മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷയില്‍ വന്‍തോതിലുള്ള ക്രമക്കേട് നടന്നത് കഴിഞ്ഞ ദിവസം ജസ്റ്റീസ് ജെയിംസ് കമ്മറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പുതിയ പരീക്ഷ ഈ മാസം 22ന് നടത്താനും കമ്മീഷന്‍ തീരുമാനിച്ചിരുന്നു. പ്രവേശന പരീക്ഷക്ക് മുമ്പ് പണം വാങ്ങി സീറ്റ് ഉറപ്പാക്കിയിരുന്നുവെന്നും ചോദ്യപേപ്പര്‍ ചോര്‍ന്നിരുന്നുവെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്താന്‍ തീരുമാനിച്ചത്.

മാനേജ്‌മെന്റുകളുടെ പരീക്ഷ റദ്ദാക്കിയതോടെ പ്രവേശനത്തില്‍ സര്‍ക്കാരുമായുള്ള ധാരണയില്‍ നിന്ന് പിന്മാറുന്നതായി മാനേജ്‌മെന്റുകള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.