കൊച്ചി: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

കളളവോട്ട് ചെയ്തെന്ന് സുരേന്ദ്രന്‍ ആരോപിച്ച 75 ആളുകളുടെ കൃത്യമായ മേല്‍വിലാസം നല്‍കണമെന്നും വിദേശത്തുളളവര്‍ ആരൊക്കെയാണെന്ന കാര്യം ഹര്‍ജിക്കാരന് അറിയില്ലേയെന്നും കോടതി ചോദിച്ചു.

ഇത്രയും പേരെ വിസ്തരിക്കുക എന്നത് നിസാരകാര്യമല്ല. ലാഘവത്തോടെയാണോ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും കോടതിയുടെ സമയം വെറുതെ മെനക്കെടുത്തരുതെന്നും ഹൈക്കോടതി പറഞ്ഞു.


Dont Miss എ.ടി.എമ്മില്‍ നിന്നും പിന്‍വലിച്ച 2000 ന്റെ നോട്ടുകള്‍ പേപ്പര്‍ ഒട്ടിച്ച നിലയില്‍; ബാങ്കില്‍ എത്തിയപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തി; യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു


സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനങ്ങള്‍. കേസുമായി ബന്ധപ്പെട്ട് 250 ഓളം പേരെയാണ് കോടതി വിസ്തരിക്കേണ്ടത്. സ്ഥലത്തില്ലാത്ത ആളുകളുടെ ബന്ധുക്കള്‍ സമന്‍സ് കൈപ്പറ്റിയാല്‍ അവര്‍ ബന്ധുക്കളെ അറിയിക്കുമെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു.

നിലവില്‍ 175 പേരെയാണ് കോടതി വിസ്തരിച്ചത്. സമന്‍സ് അയച്ച് വിളിച്ചുവരുത്തിയ രണ്ടുപേരുടെ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തി. കേസ് 22നായിരിക്കും തുടര്‍ന്ന് പരിഗണിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടിങ്ങില്‍ ക്രമക്കേടുകള്‍ നടന്നെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. മണ്ഡലത്തില്‍ 259 പേര്‍ കളളവോട്ട് ചെയ്‌തെന്ന് സുരേന്ദ്രന്‍ നേരത്തെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് സമന്‍സ് അയക്കാനും വിചാരണക്കായി കോടതിയില്‍ എത്താനും നിര്‍ദേശിക്കുകയായിരുന്നു.