എഡിറ്റര്‍
എഡിറ്റര്‍
കെ.പി.സി.സി നിര്‍വാഹകസമിതി പട്ടിക പുന:ക്രമീകരിക്കണമെന്ന് ഹൈക്കമാന്‍ഡ്
എഡിറ്റര്‍
Wednesday 6th November 2013 12:37pm

kpcc

ന്യൂദല്‍ഹി: സംസ്ഥാനനേതൃത്വം സമര്‍പ്പിച്ച കെ.പി.സി.സി നിര്‍വാഹകസമിതി ഭാരവാഹികളുടെ പട്ടിക ഹൈക്കമാന്‍ഡ് തള്ളി.

പട്ടിക പുന:ക്രമീകരിക്കണമെന്നും നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പട്ടിക അംഗീകരിച്ചാല്‍ കെ.പി.സി.സി നിര്‍വാഹകസമിതിയില്‍ ജനറല്‍ ബോഡിയെക്കാള്‍ അംഗങ്ങളുണ്ടാകും. ഇത് അനുവദിക്കാനാവില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

ഗ്രൂപ്പ് വീതംവെയ്പ് കാരണമാണ് പട്ടിക ഇത്രയേറെ നീണ്ടതെന്നും കുറ്റപ്പെടുത്തലുണ്ടായിട്ടുണ്ട്.

നിലവിലെ പട്ടിക പ്രകാരം 130 മുതല്‍ 190 വരെ ഭാരവാഹികളുണ്ട്. കൂടാതെ സ്ഥിരം അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും കൂടിയാകുമ്പോള്‍ ഭാരവാഹിപ്പട്ടിക ഇനിയും നീളും.

സംസ്ഥാനനേതൃത്വം സമര്‍പ്പിച്ച പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്നും ഈ മാസം അവസാനത്തോടെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍ എന്നിവരാണ്  മുകുള്‍ വാസ്‌നിക്കിന് പട്ടിക കൈമാറിയത്.

15 ശതമാനം വീതം അംഗത്വം വനിതകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും നീക്കിവച്ചിട്ടുണ്ടെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെ.പി.സി.സി നിര്‍വാഹക സമിതി പുന:സംഘടിപ്പിക്കുന്നത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതില്‍ സമവായത്തിലെത്താന്‍ നേതാക്കള്‍ക്ക് കഴിഞ്ഞത്. ഇതാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡ് തള്ളിയിരിക്കുന്നത്.

നേരത്തെ 72ഓളം പേര്‍ വരുന്ന കെ.പി.സി.സി ഭാരവാഹി പുന:സംഘടന നടന്നിരുന്നെങ്കിലും നിര്‍വാഹകസമിതിയും ഡി.സി.സിയും പുന:സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എക്‌സിക്യൂട്ടിവ് കമ്മറ്റി പുന:സംഘടിപ്പിക്കുന്നത്.

Advertisement