എഡിറ്റര്‍
എഡിറ്റര്‍
പൂനെയില്‍ ബി.ജെ.പി റാലിയില്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം: ആളുകളെ കാത്തിരുന്ന് മടുത്ത് ഒടുവില്‍ റാലി റദ്ദാക്കി മടങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി
എഡിറ്റര്‍
Sunday 19th February 2017 12:03pm

ന്യൂദല്‍ഹി: പൂനെയില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കാനെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിനെ കാത്തിരുന്നത് ഒഴിഞ്ഞ കസേരകള്‍. വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് റാലിക്കെത്തിയത്.

ആളുകള്‍ വരുമെന്ന പ്രതീക്ഷയില്‍ പ്രസംഗിക്കാതെ ഏറെനേരെ ഫദ്‌നാവിസ് കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ ആരെയും കാണാതായതോടെ ഒടുക്കം റാലി റദ്ദാക്കി മുഖ്യമന്ത്രി മടങ്ങുകയും ചെയ്തു.

പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. ന്യൂ ഇംഗ്ലീഷ് സ്‌കൂള്‍ കോമ്പൗണ്ടിലായിരുന്നു കാമ്പെയ്ന്‍ സംഘടിപ്പിച്ചിരുന്നത്.

നിശ്ചയിച്ച പ്രകാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തന്നെ ഫദ്‌നവിസ് വേദിയിലെത്തി. എന്നാല്‍ മിക്ക കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ആളുകള്‍ കൂടുമെന്ന പ്രതീക്ഷയില്‍ മുഖ്യമന്ത്രി കുറച്ചുസമയം കൂടി കാത്തിരുന്നു. എന്നാല്‍ പ്രസംഗം കേള്‍ക്കാന്‍ ആരുമെത്താതായതോടെ മുഖ്യമന്ത്രി റാലി റദ്ദാക്കി വേദിവിടുകയായിരുന്നു.

എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ ന്യായീകരണവുമായി ഫദ്‌നവിസ് രംഗത്തെത്തി. സമയം പറഞ്ഞതിലുണ്ടായ ചില ആശയക്കുഴപ്പമാണ് ആളില്ലാതെ പോയതിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ബി.ജെ.പിയുടെ റാലിയില്‍ ജനസാന്നിധ്യം കുറയുന്നത് നേരത്തെയും വാര്‍ത്തയായിരുന്നു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഗോവയിലെയും മീററ്റിലെയും റാലികളിലും പകുതിയിലേറെ കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ അമിത് ഷാ പങ്കെടുത്ത റാലിയിലും ജനപ്രാതിനിധ്യം കുറഞ്ഞത് വാര്‍ത്തയായിരുന്നു.


Must Read: മോദിയുടെ റാലിക്ക് ആളെ എത്തിച്ചവക 12 ലക്ഷം കടം: ആത്മഹത്യയല്ലാതെ മറ്റുവഴിയില്ലെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍


 

Advertisement