പയ്യന്നൂര്‍: ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ ഡ്രസ്സിങ് റൂമില്‍ ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കട തല്ലിതകര്‍ത്തു. ഒളികാമറ കണ്ടെത്തിയ പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടി വസ്ത്രം മാറുന്നതിനിടെയാണ് ഒളിക്യാമറ കണ്ടെത്തിയത്.

പയ്യന്നൂര്‍ പഴയ ബസ്‌സ്റ്റാന്റിനടുത്തുള്ള മെന്‍സ് പാര്‍ക്ക് ആന്റ് സിറ്റി ഗേള്‍ എന്ന ടെക്‌സ്‌റ്റൈല്‍ ഷോപ്പിലാണ് ഇന്ന് വൈകിട്ടോടെ സംഭവമുണ്ടായത്. കടയില്‍ വസ്ത്രം എടുക്കാനെത്തിയ പയ്യന്നൂരിനടുത്ത കുന്നരുവിലെ വിദാര്‍ത്ഥിനി ഷോപ്പിലെ ഡ്രസ്സിങ് റൂമില്‍ ചെന്ന് വസ്ത്രം മാറുന്നതിനിടെ ഒളിക്യാമറ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

Subscribe Us:

മൊബൈല്‍ കാമറയായിരുന്നു കടയിലെ സെയില്‍സ്മാന്‍ ഡ്രസിങ് റൂമില്‍ വെച്ചിരുന്നിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടപെണ്‍കുട്ടി മൊബൈല്‍ ക്യാമറയുമെടുത്ത് പയ്യന്നൂര്‍ പഴയ ബസ്‌സ്റ്റാന്റിലെ എയ്ഡ് പോസ്റ്റിലെ പോലീസുകാരനെ എല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് കടയിലെ സെയില്‍സ്മാനെ അറസ്റ്റ് ചെയ്തു. സംഭവം സംബന്ധിച്ച് പയ്യന്നൂര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡി.വൈ. എസ്.പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി.

കുന്നരുവിലെ ബി.ഡി.എസ് വിദാര്‍ത്ഥിനിയുടെ പരാതിയില്‍ കടയിലെ സെയില്‍സ്മാന്‍ തളിപ്പറമ്പ് ഞാറ്റുവയല്‍ സ്വദേശി പി.സി.സുബൈര്‍(40)നെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്. സംഭവമറിഞ്ഞ് തടിച്ച് കൂടിയ നാട്ടുകാരാണ് കട തല്ലി തകര്‍ത്തത്. കടയുടെ മുന്‍ഭാഗം തല്ലി തകര്‍ത്തവര്‍ വസ്ത്രങ്ങള്‍ വലിച്ച് റോഡിലെറിഞ്ഞു. പയ്യന്നൂര്‍ എസ്. ഐ. എ.വി.ദിനേശന്റെ നേതൃത്ത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ്  ജനങ്ങളെ മാറ്റിയത്.