ലിമ: ലിബിയയില്‍ യു.എസ് നയതന്ത്ര കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി യു.എസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ പറഞ്ഞു.

സുരക്ഷാവീഴ്ചമൂലമാണ് അംബാസഡറടക്കം നാല് അമേരിക്കക്കാര്‍ കൊല്ലപ്പെടാന്‍ ഇടയായത്. അതിനെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും പെറുവില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ഹിലരി പറഞ്ഞു.

Ads By Google

ലിബിയയിലെ കിഴക്കന്‍ നഗരമായ ബെന്‍ഗാസിയില്‍ ഉണ്ടായ ആക്രമണത്തില്‍ യു.എസ് അംബാസഡറായ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സാണ് മരിച്ചത്. മുഹമ്മദ് നബിയെ അവഹേളിക്കുന്ന അമേരിക്കന്‍ സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധമാണ് അക്രമാസക്തമായത്.

റോക്കറ്റുകളും ഗ്രനേഡുകളുമായി ബെന്‍ഗാസിയിലെ യു.എസ്. കാര്യാലയം ആക്രമിച്ചവര്‍ കെട്ടിടങ്ങള്‍ക്ക് തീവെക്കുകയായിരുന്നു. ട്രിപ്പോളിയിലെ യു.എസ്. എംബസിയില്‍നിന്ന് ബെന്‍ഗാസി സന്ദര്‍ശിക്കാനെത്തിയ സ്റ്റീവന്‍സ് പുകയില്‍ ശ്വാസം മുട്ടിയാണ് മരിച്ചത്.

കാലിഫോര്‍ണിയയില്‍ നിന്നുള്ള സാം ബാസില്‍ എന്നയാള്‍ ഈജിപ്തില്‍ നിന്നുള്ള ഒരു അഭയാര്‍ഥിയുടെ സഹായത്തോടെ നിര്‍മിച്ച സിനിമയാണ് അറബ് രാജ്യങ്ങളില്‍ പ്രതിഷേധത്തിന് കാരണമായത്.

മുസ്‌ലിം വിരോധികളായ രണ്ട് പേര്‍ ചേര്‍ന്നെടുത്ത ഈ സിനിമയില്‍ പ്രവാചകനായ മുഹമ്മദ് നബിയെ പരിഹാസരൂപേണ ചിത്രീകരിക്കുന്നുണ്ട്.