ഹീറോയിനെതിരെ ദുബായ് നിവാസികള്‍. ദുബായ് സന്ദര്‍ശിക്കുന്ന ബോളിവുഡ് നടിയെ കളിയാക്കുന്ന തരത്തിലുള്ള ചിത്രത്തിലെ ഡയലോഗുകളാണ് ദുബായ് നിവാസികളെ ചൊടിപ്പിച്ചിരിക്കുന്നത്.

Ads By Google

കഴിഞ്ഞദിവസം നടന്ന ഒരു പത്രസമ്മേളനത്തില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണിച്ചിരുന്നു. ട്രെയ്‌ലറിലെ ഡയലോഗുകളാണ് ദുബായ് നിവാസികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഹീറോയിനില്‍ നായിക കരീന കപൂര്‍ മാധ്യമപ്രവര്‍ത്തകരെ ചീത്തവിളിക്കുന്ന ഡയലോഗുകളിലാണ് ദുബായിയെ കുറിച്ച്  പരാമര്‍ശിക്കുന്നത്. ‘നിങ്ങളെപ്പോലുള്ള ആളുകള്‍ സ്‌ക്രിപ്റ്റുകളെഴുന്നവരാണ്. ഒരു നായിക കാറ് വാങ്ങിയാല്‍, അവള്‍ക്ക് ഒരു ബിസിനസുകാരന്‍ സമ്മാനം നല്‍കിയാല്‍, അവള്‍ ലജിസ്ലേറ്റീവ് അസംബ്ലിയില്‍ പോയാല്‍, എന്തിന്, അവള്‍ ദുബായില്‍ പോയാല്‍ വരെ നിങ്ങള്‍ അവള്‍ക്ക് വില നിശ്ചയിക്കുന്നു’ ഇതാണ് കരീനയുടെ വിവാദമായ ഡയലോഗ്.

ദുബായില്‍ പോകുന്ന ബോളിവുഡ് നടിമാര്‍ വില തൂക്കിയിട്ടിരിക്കുന്ന വേശ്യകളെപ്പോലെയാണെന്നാണ് ചിത്രത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് ദുബായ് നിവാസികള്‍ ആരോപിക്കുന്നത്. ഡയലോഗിലൂടെ ദുബായിയെ വ്യഭിചാര കേന്ദ്രമാക്കി ബോളിവുഡ് അധിക്ഷേപിച്ചിരിക്കുകയാണെന്ന് പ്രശസ്ത റേഡിയോ ജോക്കി കൃതിക റാവത്ത് പറഞ്ഞു. ഇത് ഭീകരമാണെന്നും അവര്‍ വ്യക്തമാക്കി.

നിരവധി ബോളിവുഡ് താരങ്ങള്‍ക്ക് ജന്മം നല്‍കിയ നാടാണ് ദുബായ്. വികസനത്തിന്റെ മാതൃകയായാണ് ദുബായിയെ ലോകം അടയാളപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ഒരു നഗരത്തെ യാതൊരു ശ്രദ്ധയുമില്ലാതെ മോശമായി ചിത്രീകരിക്കുന്ന സിനിമാക്കാരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.