എഡിറ്റര്‍
എഡിറ്റര്‍
ഹോണ്ടയോട് മത്സരിക്കാന്‍ ഇഗ്നൈറ്ററുമായി ഹീറോ
എഡിറ്റര്‍
Thursday 30th August 2012 12:34pm

ഹോണ്ടയുമായി പിരിഞ്ഞശേഷം ഇന്ത്യന്‍ കമ്പനി ഹീറോ അവരോട് മത്സരിക്കാനൊരുങ്ങുകയാണ്. ഹീറോയുടെ ഇഗ്നൈറ്ററിലൂടെ. ഹോണ്ടയുടെ സണ്ണറിനോട് മത്സരത്തിനൊരുങ്ങിയാണ് ഇഗ്നൈറ്റര്‍ വിപണിയിലെത്തുന്നത്.

Ads By Google

125 സി.സി വിഭാഗത്തിലെത്തുന്ന ഇഗ്നൈറ്റര്‍ ഒറ്റ നോട്ടത്തില്‍ സണ്ണറിന്റെ തനി പകര്‍പ്പായി തോന്നാം. പക്ഷെ ബോഡി കണ്ടാല്‍ ആരും സമ്മതിക്കും ഇഗ്നൈറ്റര്‍ തന്നെയാണ് സുന്ദരനെന്ന്.

ബോഡിയുടെ നിറത്തോട് കൂടിയ മിററുകളും കുറച്ചുകൂടി അഗ്രസീവായ ഡിസൈനും ഇഗ്നൈറ്ററിന് വേറിട്ടൊരു മികവ് നല്‍കുന്നുണ്ട്. ഹീറോ ഹോണ്ട മുമ്പ് അവതരിപ്പിച്ച കരിസ്മ എന്ന മോഡലിന്റെ കൊച്ചു പതിപ്പാണ് ഇഗ്നൈറ്ററെന്നും വേണമെങ്കില്‍ പറയാം. ‘ പാവങ്ങളുടെ കരിസ്മ’ യെന്ന് വേണമെങ്കില്‍ ഇഗ്നൈറ്ററിനെ വിശേഷിപ്പിക്കാം.

കൂടാതെ ഇലക്ട്രിക് സ്റ്റാര്‍ട്ടിനോടൊപ്പം തന്നെ കിക്ക് സ്റ്റാര്‍ട്ട് സൗകര്യവും നല്‍കുന്നതിലൂടെ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ ഇഗ്നൈറ്ററിന് സാധിക്കുന്നു. മിഴിവേറിയ ഇന്‍സ്ട്രുമെന്റ് പാനലില്‍ അനലോഗ് ടാക്കോമീറ്ററും ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഓഡോ മീറ്റര്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. സണ്ണറില്‍ നിന്ന് വ്യത്യസ്തമായ ടാങ്കിന് മുകളില്‍ ടൂ ടോണ്‍ ട്രാഫിക്‌സുമുണ്ട്.

125 സി.സി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എസ്.ഒ.എച്ച്.സി മോട്ടോറാണ് ഇഗ്നൈറ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. 5000 ആര്‍.പി.എമ്മില്‍ 11 എന്‍.എം ടോര്‍ക്കും ഇഗ്നൈറ്ററിന്റെ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു. 8,000 ആര്‍.പി.എമ്മില്‍ 11 പി.എസ് പവറും ഈ എഞ്ചിന്‍ നല്‍കും. ഹോണ്ടയുടെ സണ്ണറിന് സമാനമായി ഫസ്റ്റ് ഗിയര്‍ താഴേക്കും ബാക്കിയുള്ള നാല് ഗിയറുകള്‍ മുകളിലേക്കുമെന്നതുപോലെയാണ് ഗിയര്‍ ഷിഫ്റ്റിങ് സംവിധാനം.

ഡ്രെം ബേക്ക് മോഡലും ഡിസ്‌ക് ബ്രേക്ക് മോഡലും ഇഗ്നൈറ്ററിനുണ്ട്. ഡിസ്‌ക് ബ്രേക്ക് മോഡലാണ് കൂടുതല്‍ നല്ലത്. ഡ്രെം ബ്രേക്കുമായി എത്തുന്ന ബേസ് മോഡലിന് 56,498 രൂപയും ഡിസ്‌ക് ബ്രേക്കുള്ള മുന്തിയ മോഡലിന് 58,516 രൂപയുമാണ് കേരളത്തിലെ എക്‌സ് ഷോറൂം വില.

Advertisement