26 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ഹീറോയും ഹോണ്ടയും വേര്‍പിരിയുന്നു. കമ്പനി ഡയറക്ടേര്‍സ് ബോര്‍ഡിന്റെ മീറ്റിംഗില്‍ ഓഹരിവിഭജനത്തെക്കുറിച്ച് അന്തിമതീരുമാനമെടുത്തിട്ടുണ്ട്. ഇതുപ്രകാരം ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോണ്ടയുടെ 26 ശതമാനം ഓഹരി ഹീറോ ഗ്രൂപ്പ് വാങ്ങും.

ജപ്പാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹോണ്ടയുടെ 26 % നിക്ഷേപം ഏറ്റെടുക്കാമെന്ന ഹീറോയുടെ പുതിയ വാഗ്ദാനമാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്.

നിലവില്‍ മാര്‍ക്കറ്റ് വിലയുടെ 40 ശതമാനം ഇളവോടെ ഹോണ്ടയുടെ നിക്ഷേപം ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് ഹീറോ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കമ്പോളവിലയുടെ അടിസ്ഥാനത്തില്‍ മാത്രമേ കച്ചവടത്തിനുള്ളൂ എന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് പരസ്പരം അറിഞ്ഞുകൊണ്ട് വഴിപിരിയാന്‍ ഇരു നിക്ഷേപകരും തീരുമാനിക്കുകയായിരുന്നു.

1984മുതലാണ് ഹീറോയുംഹോണ്ടയും ഒന്നിച്ച് ബൈക്ക് വില്‍പ്പന ആരംഭിച്ചത്. 2004ല്‍ കരാര്‍ പത്ത് വര്‍ഷത്തേക്ക് പുതുക്കിയിരുന്നു.

വാഹനനിര്‍മ്മാണ രംഗത്തെ മുന്‍നിരയിലുള്ള കമ്പനിയുടെ വഴിപിരിയില്‍ സാമ്പത്തികരംഗം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. വഴിപിരിയാന്‍ തീരുമാനിച്ചെങ്കിലും 2014 വരെ ബന്ധം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ കാലയളവു വരെ ഉപയോക്താക്കളെ നിരാശപ്പെടുത്താതെ നിലവിലെ മോഡലുകള്‍ പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ഹോണ്ടയുമായുണ്ടാക്കുന്ന പുതിയ കരാറിനുശേഷം പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും. സാങ്കേതി സഹായത്തിനുവേണ്ടി ഹോണ്ടയ്ക്ക് നിശ്ചിത തുക റോയല്‍റ്റി ആയി നല്‍കാനും തീരുമാനമായിട്ടുണ്ട്. മൊത്തം വില്‍പ്പനയുടെ 3 ശതമാനം ആയിരിക്കും റോയല്‍റ്റി തുക.

ഹോണ്ടയില്‍ നിന്നും വേര്‍പിരിഞ്ഞതോടെ വാഹനവിപണിയില്‍ സ്വന്തമായി പ്രവര്‍ത്തിക്കാനാണ് ഹീറോ തീരുമാനിച്ചിരിക്കുന്നത്. സ്വന്തമായി ഗവേഷണ വികസന വിഭാഗം നിര്‍മ്മിച്ച് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുമെന്ന് കമ്പനി അറിയിച്ചു. ഈവര്‍ഷം ഒക്ടോബറില്‍ കമ്പനിയുടെ ബൈക്ക് വില്‍പ്പനയില്‍ 42 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.